ബിസിഡിസിയുടെ ഉപജില്ലാ ഓഫിസുകള്‍ ആരംഭിക്കും: മന്ത്രി ബാലന്‍

കോഴിക്കോട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ പ്രവര്‍ത്തന വിപുലീകരണത്തിനും ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുന്നതിനുമായി ഉപജില്ലാ ഓഫിസുകള്‍ ആരംഭിക്കുമെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നാക്ക ക്ഷേമ, സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. കോര്‍പറേഷന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2017-18 സാമ്പത്തിക വര്‍ഷം വായ്പാ വിതരണത്തിലും വായ്പ തിരിച്ചടവിലും മികച്ച പ്രകടനം കാഴ്ചവച്ച കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. 2017-18 സാമ്പത്തിക വര്‍ഷം വായ്പ വിതരണം ലക്ഷ്യമിട്ട 350 കോടയും കവിഞ്ഞ് 403 കോടി രൂപയായി വര്‍ധിപ്പിക്കാന്‍  സാധിച്ചതും വായ്പാ തിരിച്ചടവ് ലക്ഷ്യമിട്ട 310 കോടി യില്‍ നിന്ന്  313 കോടിയായി വര്‍ധിപ്പിച്ചതും മികച്ച നേട്ടമാണ്. എല്ലാ ധനകാര്യ സ്ഥാപനങ്ങളിലും നിഷ്‌ക്രിയ ആസ്തികള്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുമ്പോള്‍ മികച്ച പ്രവര്‍ത്തനം മുഖേന നിഷ്‌ക്കക്രിയ ആസ്തികള്‍ കേവലം 0.8% ആയി കുറച്ചുകൊണ്ടുവരാന്‍ സാധിച്ചത് ശഌഘനീയമാണ്.
ജീവനക്കാരുടെ മികച്ച തൊഴില്‍ സംസ്‌കാരമാണ് ഈ മികവിന് കാരണമെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം മുഖേന സമാന സ്ഥാപനങ്ങള്‍ക്ക് മാതൃകയായി നിലകൊള്ളുന്ന കോര്‍പറേഷന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ദേശീയ ഏജന്‍സികളില്‍ നിന്നും വായ്പ ലഭ്യമാക്കുന്നതിന് യഥാസമയം ഗ്യാരന്റി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ദേശീയ സഫായി കര്‍മ്മചാരീസ് ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കേരളത്തിലെ  നിര്‍വഹണ ഏജന്‍സിയായി കോര്‍പറേഷനെ നിയോഗിക്കുന്ന വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
തലസ്ഥാന നഗരിയില്‍ കോര്‍പറേഷന്റെ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിന് വേണ്ടി സ്ഥലം അനുവദിക്കുന്ന വിഷയവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.  ഈ വിഷയങ്ങളില്‍ അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി അനുകൂല തീരുമാനം കൈക്കൊളളുമെന്ന് മന്ത്രി പറഞ്ഞു. അവലോകന യോഗത്തില്‍ വച്ച് 2017-18 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനമികവിനുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. വായ്പാ വിതരണത്തിലെ മികച്ച പ്രകടനത്തിന് കോഴിക്കോട് ജില്ലാ ഓഫിസും റിക്കവറി പ്രവര്‍ത്തനങ്ങളിലെ മികവിന് കണ്ണൂര്‍ ജില്ലാ ഓഫിസും പുരസ്‌കാരത്തിന് അര്‍ഹമായി. ഏറ്റവും മികച്ച ജില്ലാ ഓഫിസിനുള്ള പുരസ്‌കാരം കോട്ടയം ജില്ലാ ഓഫിസിനും, മികച്ച ഉപജില്ലാ ഓഫിസിനുള്ള പുരസ്‌കാരം വര്‍ക്കല ഉപജില്ലാ ഓഫിസിനും ലഭിച്ചു.
ചെയര്‍മാന്‍ സംഗീത് ചക്രപാണി, ഡയറക്ടര്‍മാരായ ഗോപി കോട്ടമുറിക്കല്‍, എ പി ജയന്‍, ടി കണ്ണന്‍, സുരേഷ്‌കുമാര്‍ പി എന്‍, മാനേജിങ് ഡയറക്ടര്‍ കെ ടി ബാലഭാസ്‌കരന്‍, ജനറല്‍ മാനേജര്‍മാരായ കെ വി രാജേന്ദ്രന്‍, ബാലകൃഷ്ണന്‍ ആനകൈ, കമ്പനി സെക്രട്ടറി രാം ഗണേഷ് സംബന്ധിച്ചു.

RELATED STORIES

Share it
Top