ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍മോചിതനായി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍മോചിതനായി. ഫ്രാങ്കോയ്ക്ക് തിങ്കളാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ ഉച്ചയ്ക്ക് രേണ്ടാടെയാണ് അദ്ദേഹം പാലാ സബ് ജയിലില്‍ നിന്നു പുറത്തിറങ്ങിയത്.
ഹൈക്കോടതി ഉത്തരവിന്റെ ഒപ്പിട്ട പകര്‍പ്പ് ഇന്നലെ രാവിലെയാണു പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്നാണു കോടതി പാലാ ജയില്‍ സൂപ്രണ്ടിന് വിടുതല്‍ ഉത്തരവു നല്‍കിത്. നൂറുകണക്കിനു വിശ്വാസികളും കന്യാസ്ത്രീകളുമാണ് മോചിതനായ ബിഷപ്പിനെ സ്വീകരിക്കാന്‍ ജയിലിനു മുന്നില്‍ തടിച്ചുകൂടിയിരുന്നത്. ജയിലിനു മുന്നിലെ റോഡ് തടഞ്ഞു വിശ്വാസികള്‍ കുത്തിയിരുന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ജനക്കൂട്ടത്തെ നേരിടാന്‍ എആര്‍ ക്യാംപില്‍ നിന്നു കൂടുതല്‍ പോലിസുകാരെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.
പ്രാര്‍ഥനാഗീതങ്ങള്‍ പാടി കാത്തിരുന്ന വിശ്വാസികള്‍ ജയില്‍കവാടത്തിലൂടെ പുറത്തുവന്ന ഫ്രാങ്കോയെ ജയ്‌വിളികളുമായാണു സ്വീകരിച്ചുകൊണ്ടുപോയത്.
പി സി ജോര്‍ജ് എംഎല്‍എയും ഫ്രാങ്കോയെ സ്വീകരിക്കാന്‍ സബ് ജയിലിലെത്തിയിരുന്നു. വെള്ള ജുബ്ബയും ധരിച്ച് പുറത്തിറങ്ങിയ ബിഷപ് ആരോടും പ്രതികരിക്കാന്‍ തയ്യാറായില്ല. കര്‍ശന വ്യവസ്ഥയിലാണ് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജയിലില്‍ നിന്നിറങ്ങി 24 മണിക്കൂറിനുള്ളില്‍ കേരളം വിടണമെന്നാണു വ്യവസ്ഥ. അതുകൊണ്ടുതന്നെ പാലായില്‍ നിന്ന് തൃശൂരിലേക്കു പോയ ബിഷപ് രാത്രിയോടെ ജലന്ധറിലേക്കു മടങ്ങിയേക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ സപ്തംബര്‍ 21നാണു ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാവുന്നത്.

RELATED STORIES

Share it
Top