ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കുന്നത് കേസിനെ അട്ടിമറിക്കുന്നതിന് തുല്യം

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കുകയാണെങ്കില്‍ അത് കേസിനെ അട്ടിമറിക്കുന്നതിന് തുല്യമാവുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഫ്രാങ്കോയുടെ ജാമ്യഹരജിയില്‍ ഇന്നലെ ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. അടുത്തമാസം മൂന്നിന് വിധിപറയും. കേസ് ഡയറിയും മൊഴി പകര്‍പ്പുകളും സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു.
ഇരയായ കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടില്‍ നടന്ന ഒരു മത ചടങ്ങുമായി ബന്ധപ്പെട്ട സിഡിയും മറ്റു ചില ഫോട്ടോകളും പ്രതിഭാഗവും സമര്‍പ്പിച്ചു. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജലന്ധറില്‍ ഇനിയും പോവേണ്ടതുണ്ടെന്നും പോലിസിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചു. പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലായി നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൊഴി മാറ്റാന്‍ 10 ഏക്കര്‍ സ്ഥലവും അഞ്ച് കോടി രൂപയും വാഗ്ദാനംചെയ്യുകവരെയുണ്ടായെന്നും അദ്ദേഹം വാദിച്ചു.
ഫ്രാങ്കോയ്ക്ക് എതിരേ കെട്ടിച്ചമച്ച കള്ളക്കേസാണിതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. മെഡിക്കല്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമാണ് മുമ്പ് ഉന്നയിക്കാത്ത കടുത്ത ആരോപണങ്ങള്‍ കന്യാസ്ത്രീ ഉന്നയിച്ചിരിക്കുന്നത്. അഞ്ചാം തിയ്യതി ബലാല്‍സംഗം ചെയ്‌തെന്നാണ് പറയുന്നതെങ്കിലും ആറാം തിയ്യതി രാവിലെ തന്നെ ബിഷപ്പുള്ള ഒരു ചടങ്ങില്‍ അവര്‍ പങ്കെടുത്തിരുന്നു. ഈ ദൃശ്യങ്ങള്‍ കാണുന്ന കോടതിക്ക് കേസ് കെട്ടിച്ചമച്ചതാണെന്നു വ്യക്തമാവുമെന്നും അഭിഭാഷകന്‍ വാദിച്ചു. ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നാണോ വാദിക്കുന്നതെന്ന് കോടതി ചോദിച്ചു. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം വ്യക്തമാക്കി. ജലന്ധറില്‍ ഒമ്പത് മണിക്കൂറാണ് ചോദ്യംചെയ്തത്. പിന്നീട് നോട്ടീസ് നല്‍കി മൂന്നുദിവസം ചോദ്യംചെയ്തു.
ആത്മീയതയുടെ മറവില്‍ ലൈംഗികചൂഷണം നടത്തിയതിനാല്‍ പൊതുജനശ്രദ്ധയുള്ള കേസാണിതെന്നാണ് റിമാന്‍ഡ് റിപോര്‍ട്ട് പറയുന്നത്. പൊതുജനശ്രദ്ധയുടെ അടിസ്ഥാനത്തിലാണോ ഒരു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിലപാട് സ്വീകരിക്കേണ്ടത്. അന്വേഷണവുമായി നല്ലരീതിയിലാണ് സഹകരിച്ചത്. ഒരിക്കല്‍ പോലും രാജ്യത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. കേസിലെ എഫ്‌ഐആര്‍ അഞ്ച് പേജ് മാത്രമാണെങ്കിലും 120 പേജുള്ള വിശദമായ മൊഴിയാണ് കന്യാസ്ത്രീ മജിസ്‌ട്രേറ്റിന് നല്‍കിയിരിക്കുന്നതെന്ന് ഡിജിപി ചൂണ്ടിക്കാട്ടി.
ദരിദ്ര കുടുംബത്തില്‍ നിന്നുള്ള കന്യാസ്ത്രീക്ക് പീഡനം പുറത്തുപറയാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. പുരോഹിതര്‍ക്കു മേല്‍ വന്‍ സ്വാധീനമുള്ളയാളാണ് പ്രതി. അതുകൊണ്ടാണ് മുമ്പ് കൊടുത്ത മൊഴി പലരും മാറ്റിയത്. അതു മാത്രമല്ല, കന്യാസ്ത്രീക്കെതിരേ വ്യാജ ആരോപണങ്ങള്‍ പടച്ചുവിടുകയും ചെയ്യുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷ് തെളിവുകളെല്ലാം കൃത്യമായി പരിശോധിച്ച് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ച് കന്യാസ്ത്രീകളുടെയും മറ്റു രണ്ടു പേരുടെയും മൊഴിയാണ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുകയെന്നും ഡിജിപി വിശദീകരിച്ചു.
വാദം പൂര്‍ത്തിയായതിനാലാണ് കേസ് വിധിപറയാന്‍ മാറ്റിയത്.

RELATED STORIES

Share it
Top