ബിഷപ് ഫ്രാങ്കോ ഒക്ടോബര്‍ 6 വരെ റിമാന്‍ഡില്‍

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു. അടുത്തമാസം ആറു വരെ ബിഷപ്പിനെ പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എസ് ലക്ഷ്മിയാണ് റിമാന്‍ഡ് ചെയ്തത്. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ പോലിസ് കോടതിയില്‍ ഹാജരാക്കിയത്.
തെളിവെടുപ്പും വൈദ്യപരിശോധനയും പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പോലിസ് ഉന്നയിച്ചില്ല. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു. അറസ്റ്റിലായപ്പോള്‍ താന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലിസ് ബലമായി ഊരിവാങ്ങിയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയോട് പരാതിപ്പെട്ടു. അതിലെ മുടിയും മറ്റും ഉപയോഗിച്ച് വ്യാജ തെളിവുണ്ടാക്കുമെന്ന് ആശങ്കയുണ്ടെന്നും ബിഷപ് ആരോപിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വൈദ്യസഹായം ആവശ്യമുണ്ടെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
അറസ്റ്റിലായശേഷം ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോഴും പോലിസിനെതിരേ ബിഷപ് രംഗത്തെത്തിയിരുന്നു. രക്തവും ഉമിനീരും പോലിസ് ബലംപ്രയോഗിച്ച് എടുത്തുവെന്നായിരുന്നു ബിഷപ്പിന്റെ പരാതി. എന്നാല്‍, വസ്ത്രങ്ങള്‍ പിടിച്ചെടുത്തത് നിയമാനുസൃതമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 2.30ഓടെ ബിഷപ്പിനെ പാലാ സബ് ജയിലിലേക്കു മാറ്റി. പാലാ കോടതിയിലേക്ക് കൊണ്ടുപോവുന്നതിന് മുന്നോടിയായി വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.

RELATED STORIES

Share it
Top