ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ കന്യാസ്ത്രീ കെസിബിസിക്ക് പരാതി നല്‍കിയിട്ടില്ല

കൊച്ചി: ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീ നാളിതുവരെ കെസിബിസിക്കോ വ്യക്തിപരമായി തനിക്കോ യാതൊരുവിധ പരാതിയും നല്‍കിയിട്ടില്ലെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) പ്രസിഡന്റ് ആര്‍ച്ച് ബിഷപ് സൂസെ പാക്യം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കന്യാസ്ത്രീ അയച്ച പരാതി വ്യക്തിപരമാണെന്നും രഹസ്യാത്മകമായി സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. തന്നെയുമല്ല, ഈ പരാതികളിലൊന്നിലും ലൈംഗികമായ ആരോപണങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നാണ് സൂചന.
മൂന്നു മാസം മുമ്പ് ജൂണ്‍ അവസാനം പോലിസ് രജിസ്റ്റര്‍ ചെയ്ത ഈ കേസിനെക്കുറിച്ചും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും കെസിബിസി അറിയുന്നത് വാര്‍ത്താമാധ്യമങ്ങളിലൂടെ മാത്രമാണ്. ന്യായം നിഷേധിക്കപ്പെട്ടു എന്നു തോന്നുന്ന അവസരങ്ങളില്‍ പോലിസില്‍ പരാതിപ്പെടാനുള്ള സന്ന്യാസിനിയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും കെസിബിസി മാനിക്കുന്നു. സഭയുടെ ഭാഗത്തു നിന്നും പരാതി സ്വീകരിച്ചവര്‍ അന്വേഷണം മുറപോലെ നടത്തും. തക്കസമയത്ത് തീരുമാനങ്ങളും തിരുത്തലുകളും ശിക്ഷാനടപടികളും ഉണ്ടാവും. പോലിസ് അന്വേഷണം ആരംഭിച്ചതുകൊണ്ടും അതിന് മുന്‍ഗണന നല്‍കാനുള്ളതുകൊണ്ടും സമാന്തരമായി പരസ്യമായ അന്വേഷണം സഭയുടെ ഭാഗത്തുനിന്നുണ്ടാവില്ല.
സത്യം അറിയാനും നീതി നടപ്പാക്കാനും പോലിസിന്റെ അന്വേഷണവുമായി സഭ അങ്ങേയറ്റം സഹകരിക്കും. പ്രശ്‌നത്തിലെ വാദിയും പ്രതിയും സഭാംഗങ്ങളാണ്. രണ്ടിലൊരാള്‍ കള്ളം പറയുന്നു. ആരു ജയിച്ചാലും ആരു തോറ്റാലും അതിന്റെ അപമാനവും മുറിവും വേദനയും സഭാകുടുംബം മുഴുവന്‍ ഏറ്റെടുത്തേ മതിയാവൂ. അന്വേഷണം പൂര്‍ത്തിയായി വിധി വരുന്നതു വരെ ചിലരെ വേട്ടക്കാരായും മറ്റു ചിലരെ ഇരകളായും നിശ്ചയിക്കുന്ന സമീപനത്തോട് കെസിബിസിക്ക് യോജിപ്പില്ലെന്നും ഇതിന്റെ മറവില്‍ സഭയെ മുഴുവനും അടച്ചാക്ഷേപിക്കുന്നതിനെ കെസിബിസി അങ്ങേയറ്റം അപലപിക്കുന്നുവെന്നും സൂസെപാക്യം വ്യക്തമാക്കി.
ചില രാഷ്ട്രീയനേതാക്കളും സാമൂഹികപ്രവര്‍ത്തകരും സാംസ്‌കാരികനായകരും സമരത്തെ അനുകൂലിക്കുകയും നിക്ഷിപ്ത താല്‍പര്യക്കാര്‍ സഭയെ അവഹേളിക്കുകയും സിബിസിഐയുടെയും കെസിബിസിയുടെയും ശവപ്പെട്ടിയുണ്ടാക്കി സംസ്‌കാരം നടത്തുകയും ചെയ്തപ്പോള്‍ വേദന തോന്നി. ബോധ്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാനുള്ള ആരുടെയും അവകാശത്തെയോ സ്വാതന്ത്ര്യത്തെയോ ചോദ്യം ചെയ്യുന്നില്ല. കെസിബിസി ആരോടും പക്ഷപാതം കാണിച്ചിട്ടില്ല. സത്യം ആരുടെ ഭാഗത്താണെന്ന് ഇനിയും നിശ്ചയമില്ല.
സഭയെ അവഹേളിച്ച സമരത്തെ അപലപിച്ചതിന്റെ പേരിലും കസ്റ്റഡിയിലുള്ള മെത്രാനെ സ്‌നേഹിതരും സഹപ്രവര്‍ത്തകരുമായ ചില മെത്രാന്‍മാര്‍ സന്ദര്‍ശിച്ചതിന്റെ പേരിലും മെത്രാനെ അനുകൂലിച്ചതായും സന്ന്യാസിനികളെ എതിര്‍ത്തതായുമുള്ള വ്യാഖ്യാനങ്ങള്‍ ശരിയല്ല. വ്യക്തിപരമായി ആര്‍ക്കും ആരെയും സന്ദര്‍ശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അന്വേഷണത്തിന്റെ അവസരത്തില്‍ കെസിബിസി ഇരുകൂട്ടരെയും ഒരുപോലെ ഉള്‍ക്കൊള്ളാനും സമദൂരം പാലിക്കാനുമാണ് ശ്രമിച്ചിട്ടുള്ളതെന്നും സൂെസപാക്യം പറഞ്ഞു.

RELATED STORIES

Share it
Top