ബിഷപ് നല്‍കിയ രേഖകള്‍ വ്യാജം; അന്വേഷണസംഘം ജലന്ധറിലേക്ക്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി അന്വേഷണസംഘം ജലന്ധറിലേക്ക്. കേരളത്തിലെ തെളിവെടുപ്പുകള്‍ ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തില്‍ അന്വേഷണസംഘം അടുത്തയാഴ്ച ജലന്ധറിലേക്ക് തിരിക്കും. ബിഷപ് ജയിലിലായതോടെ കൂടുതല്‍ പേര്‍ പരാതികളും നിര്‍ണായക വിവരങ്ങളും നല്‍കുമെന്ന പ്രതീക്ഷയിലാണ് പോലിസ്.
ആദ്യഘട്ടം ജലന്ധറില്‍ പോയപ്പോള്‍ ബിഷപ്പിനെതിരേ പലരും പോലിസിനോട് പരാതി പറയാന്‍ തയ്യാറായിരുന്നില്ല. ബിഷപ്പില്‍നിന്നുണ്ടായ മോശം അനുഭവത്തെ തുടര്‍ന്ന് തിരുവസ്ത്രം ഉപേക്ഷിച്ച 20ഓളം കന്യാസ്ത്രീകളില്‍ നാലുപേര്‍ മാത്രമാണ് പോലിസിന്റെ അന്വേഷണത്തോട് സഹകരിച്ചത്. ഇവരെ വീണ്ടും നേരില്‍ക്കണ്ട് മൊഴിയെടുക്കും.
പീഡനം നടന്ന കാലയളവില്‍ ഉപയോഗിച്ച വസ്ത്രങ്ങളും മൊബൈല്‍ ഫോണും ജലന്ധറില്‍ നിന്ന് കണ്ടെത്താനാവുമെന്ന പ്രതീക്ഷയും അന്വേഷണസംഘത്തിനുണ്ട്. ബിഷപ്പിന്റെ ലാപ്‌ടോപ്പും ലഭിച്ചിട്ടില്ല. ബിഷപ്പിനെതിരേ ജലന്ധറില്‍ ലഭിക്കുന്ന പരാതികളില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജലന്ധര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് അന്വേഷണ സംഘം കത്തും നല്‍കി.
അതിനിടെ, ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീക്കെതിരേ ഹാജരാക്കിയ രേഖകളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ലൈംഗികാരോപണം ഉയരുന്നതിനു മുമ്പ് കന്യാസ്ത്രീക്കെതിരേ നടപടിയെടുത്തെന്ന് കാണിച്ച് ബിഷപ് ഹാജരാക്കിയ രേഖകളടക്കമാണ് വ്യാജമാണെന്നു കണ്ടെത്തിയത്.

RELATED STORIES

Share it
Top