ബിഷപ്പിന് അനുകൂലമായി മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചെന്ന് കന്യാസ്ത്രീകള്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായി മൊഴി നല്‍കാന്‍ കോടനാട് ഇടവക വികാരി പ്രേരിപ്പിച്ചെന്ന ആരോപണവുമായി കന്യാസ്ത്രീകള്‍ രംഗത്ത്. ഫാ. നിക്കോളാസ് മണിപ്പറമ്പിലിനെതിരേയാണ് ആരോപണവുമായി പരാതിക്കാരിയായ കന്യാസ്ത്രീക്ക് ഒപ്പം നില്‍ക്കുന്ന സിസ്റ്റര്‍ അനുപമ അടക്കമുള്ളവര്‍ രംഗത്തെത്തിയത്.
ഫാ. നിക്കോളാസ് ഇന്നലെ രാവിലെ കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളെ സന്ദര്‍ശിച്ചതിനു പിന്നാലെയായിരുന്നു ഇവരുടെ പ്രതികരണം. അരമണിക്കൂറിലധികം കന്യാസ്ത്രീകളുമായി നിക്കോളാസ് സംസാരിച്ചു. കുറവിലങ്ങാട് മഠത്തിലെത്തിയ നിക്കോളാസ് തങ്ങളെ മാനസികമായി തകര്‍ക്കാനുള്ള നീക്കമാണ് നടത്തിയതെന്നു കന്യാസ്ത്രീകള്‍ ആരോപിച്ചു.
ബിഷപ്പിനെതിരേ പോലിസില്‍ പരാതി കൊടുത്തതും കൂടാതെ സമരപ്പന്തലില്‍ പോയതും ശരിയായില്ലെന്നുമാണ് അദ്ദേഹം പറഞ്ഞ്. തങ്ങള്‍ സഭയെ അധിക്ഷേപിക്കാനാണ് നോക്കിയത്, തങ്ങളുടെ പ്രവൃത്തിമൂലം സഭയ്ക്കുതന്നെ നാണക്കേടുണ്ടാവുകയാണ് ചെയ്തത്, സമരപ്പന്തലില്‍ തങ്ങളെ അനുകൂലിച്ചവര്‍ വിജാതീയരാണ് തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം സംസാരിച്ചത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍നിന്നു പിന്നോട്ടുപോവില്ലെന്നും സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് വ്യക്തമാക്കി. നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. തങ്ങളില്‍ കുറ്റബോധമുണ്ടാക്കി കേസ് അട്ടിമറിക്കുകയായിരുന്നു ഫാദറിന്റെ ലക്ഷ്യം. തങ്ങളെ പിന്തുണച്ചത് വിജാതീയരല്ലെന്നും നല്ലവരായ ഒരുകൂട്ടം മനുഷ്യരാണെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ഇരയായ കന്യാസ്ത്രീക്ക് അനുകൂലമായി കോടതിയില്‍ രഹസ്യമൊഴി നല്‍കുന്നതിനും കന്യാസ്ത്രീകള്‍ സന്നദ്ധത പ്രകടിപ്പിച്ചു.
അതേസമയം, ഇടവകാംഗങ്ങള്‍ എന്ന നിലയിലാണ് കന്യാസ്ത്രീകളെ കണ്ടതെന്നു ഫാ. നക്കോളാസ് മണിപ്പറമ്പില്‍ പ്രതികരിച്ചു. പാലായില്‍ വന്നവഴിക്ക് മഠത്തില്‍ കയറിയതാണ്. താന്‍ മൊഴിയൊന്നും മാറ്റിയിട്ടില്ല. മാധ്യമങ്ങളാണ് മൊഴിമാറ്റിയതായി പറഞ്ഞത്. താന്‍ കാര്യങ്ങള്‍ വ്യക്തമായാണ് പറഞ്ഞത്. മാധ്യമങ്ങളാണ് അത് വളച്ചൊടിച്ചത്്. തനിക്കതില്‍ എന്തുചെയ്യാനാവും. ആദ്യത്തെ പ്രതികരണത്തില്‍ നാവ് പിഴച്ചു. കന്യാസ്ത്രീയുടെ കൈയില്‍ ബിഷപ്പിനെതിരേ തെളിവുണ്ടെന്ന് കേട്ടെന്നു പറയുന്നതിനു പകരം കണ്ടെന്ന രീതിയില്‍ അറിയാതെ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പോലിസില്‍ മൊഴി നല്‍കിയ വികാരിയാണ് ഫാ. നിക്കോളാസ് മണിപ്പറമ്പില്‍. ബിഷപ് ലൈംഗികമായി പീഡിപ്പിച്ചെന്ന കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു നിക്കോളാസിന്റെ ആദ്യനിലപാട്. എന്നാല്‍, പിന്നീട് ബിഷപ്പിനെ അനുകൂലിച്ച് കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞ് അദ്ദേഹം രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.RELATED STORIES

Share it
Top