'ബിഷപ്പിന്റേതു കഴുകന്‍ കണ്ണുകള്‍; അഞ്ചു വര്‍ഷത്തിനിടെ മഠം വിട്ടത് 20 കന്യാസ്ത്രീകള്‍'

കോട്ടയം: പീഡനത്തിന് ഇരയായ കന്യാസ്ത്രീ വത്തിക്കാന്‍ സ്ഥാനപതിക്ക് അയച്ച കത്തില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഉന്നയിച്ചിരിക്കുന്നതു ഗുരുതരമായ ആരോപണങ്ങള്‍. മിഷനറീസ് ഒാഫ് ജീസസിലെ മറ്റു കന്യാസ്ത്രീകളുടെ മേലും കഴുകന്‍ കണ്ണുകളുമായി ബിഷപ് പറന്നുനടക്കുകയായിരുന്നുവെന്നു കന്യാസ്ത്രീ ആരോപിക്കുന്നു.
ഏതെങ്കിലും കന്യാസ്ത്രീയോട് ബിഷപ്പിന് അഭിനിവേശം തോന്നിയാല്‍ അവരുടെ ദൗര്‍ബല്യം മുതലെടുത്തു കെണിയില്‍ വീഴ്ത്തുന്നത് ബിഷപ്പിന്റെ സ്ഥിരം രീതിയായിരുന്നു. 2017ല്‍ ബിഷപ്പുമായി വഴിവിട്ട ബന്ധമുണ്ടായിരുന്ന ഒരു കന്യാസ്ത്രീ ഗുരുതരമായ തെറ്റുവരുത്തുകയും അതു പിടിക്കപ്പെടുകയും ചെയ്തു. അവരെ പിന്നീട് മറ്റൊരു സംസ്ഥാനത്തേക്ക് ബിഷപ്പ് സ്ഥലംമാറ്റി. ബിഷപ്പുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് മിഷനറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിടെ 20 കന്യാസ്ത്രീകള്‍ പിരിഞ്ഞുപോയിട്ടുണ്ടെന്നു കത്തില്‍ വ്യക്തമാക്കുന്നു. ബിഷപ് തന്നെ പല തവണ ലൈംഗികമായി ചൂഷണം ചെയ്തു. ഇക്കാര്യം മദര്‍ സുപ്പീരിയറിനോടോ, അവരുടെ കൗണ്‍സിലര്‍മാരോടോ പറയാന്‍ തനിക്ക് കഴിഞ്ഞില്ല. പരാതിപ്പെട്ടാല്‍ തനിക്കു മുകളിലുള്ളവരുടെ സഹായത്തോടെ ബിഷപ് തന്നെ അപായപ്പെടുത്തുമെന്നു ഭയന്നിരുന്നു. തന്റെ പരാതി സംശയത്തോടെയാണു പലരും കാണുന്നത്. 13 പ്രാവശ്യം പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ടു പരാതി വൈകിയെന്നാണു ചോദ്യം. പേടിയും മാനക്കേടും കാരണമാണ് പരാതി വൈകിയത്. കുടുംബത്തെയും സന്യാസിസമൂഹത്തെയും ഇല്ലാതാക്കുമെന്ന പേടിയുമുണ്ടായിരുന്നുവെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top