ബിഷപ്പിന്റെ അറസ്റ്റ് പരാതി നല്‍കി മൂന്നാം മാസം

നിഷാദ് എം ബഷീര്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിലേക്കു കാര്യങ്ങളെത്തുന്നത് പോലിസില്‍ പരാതി കിട്ടി മൂന്നുമാസമായപ്പോ ള്‍. നിര്‍ണായക തെളിവുകളുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ്‌ചെയ്യാതെ പോലിസ് ഒളിച്ചുകളി തുടര്‍ന്നപ്പോള്‍ നീതിക്കായി സഹപ്രവര്‍ത്തകരായ കന്യാസ്ത്രീക ള്‍ പ്രത്യക്ഷസമരവുമായി തെരുവിലിറങ്ങുന്ന ചരിത്രസംഭവത്തിനും കേരളം സാക്ഷിയായി. സമരത്തിന് സമൂഹത്തിന്റെ ഒന്നടങ്കം പിന്തുണ ലഭിച്ചതോടെയാണ് പോലിസിനും സര്‍ക്കാരിനും ഒടുവില്‍ മുട്ടുമടക്കേണ്ടിവന്നത്. ജൂണ്‍ അവസാനമാണ് ജലന്ധര്‍ ബിഷപ് ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് കന്യാസ്ത്രീ കോട്ടയം എസ്പിക്ക് പരാതി നല്‍കുന്നത്. വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. മഠത്തിലെത്തി പോലിസ് മൊഴിയെടുത്തപ്പോഴും ബിഷപ് 13 തവണ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ കന്യാസ്ത്രീ ഉറച്ചുനിന്നു. തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തില്‍ ബിഷപ്പിനെതിരേ നിരവധി തെളിവുകളാണ് പോലിസിനു ലഭിച്ചത്.
കന്യാസ്ത്രീ കോട്ടയം എസ്പിക്ക് രേഖാമൂലം നല്‍കിയ പരാതി, കന്യാസ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായ വൈദ്യപരിശോധനാ റിപോര്‍ട്ട്, മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴി, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയ പരാതി, പീഡിപ്പിക്കപ്പെട്ടെന്നു രേഖപ്പെടുത്തി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് അയച്ച ഇ-മെയില്‍, വത്തിക്കാനിലെ സ്്‌റ്റേറ്റ് സെക്രട്ടറിക്ക് അയച്ച കത്ത്, മാര്‍പാപ്പയ്ക്കു നല്‍കിയ പരാതി ഒപ്പിട്ടുവാങ്ങിയതായി ഇന്റര്‍നെറ്റിലൂടെ ലഭിച്ച തെളിവ്, കുറവിലങ്ങാട് മഠത്തിലെ രണ്ടു കന്യാസ്ത്രീകള്‍ മദര്‍ ജനറാളിനു നല്‍കിയ പരാതികള്‍, പീഡനം നടന്നതെന്നു പറയുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ബിഷപ് ഫ്രാങ്കോ 15 തവണ തങ്ങിയിരുന്നെന്നു വ്യക്തമാക്കുന്ന സന്ദര്‍ശക ഡയറി, ബിഷപ്പിന്റെ ബന്ധു മധ്യസ്ഥന്‍ വഴി സമീപിച്ചെന്ന കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി, കന്യാസ്ത്രീയുടെ മാതൃ ഇടവകയിലെ വികാരി ഫാ. നിക്കോളോസിന്റെ മൊഴി, കന്യാസ്ത്രീക്കും കുടുംബത്തിനുമെതിരായ പരാതി വ്യാജമാണെന്നു തെളിഞ്ഞത്, ബിഷപ് മഠത്തില്‍ തങ്ങിയെന്നതിനു ഡ്രൈവറുടെ മൊഴി തുടങ്ങി നിരവധി തെളിവുകളാണ് ബിഷപ്പിനെതിരേ ഉണ്ടായിരുന്നത്. കൃത്യംചെയ്തുവെന്നു തെളിയിക്കുന്നതിന് 95 സാക്ഷികളുടെ മൊഴി, നാലു തൊണ്ടിമുതല്‍, 34 രേഖകള്‍ എന്നിവയാണ് പോലിസിന്റെ പക്കലുണ്ടായിരുന്നത്.
കേസിന്റെ തുടക്കത്തില്‍ത്തന്നെ പ്രധാന തെളിവുകളെല്ലാം ലഭിച്ചെങ്കിലും ഉന്നതതല രാഷ്ട്രീയ സമ്മര്‍ദം ബിഷപ്പിനെ ചോദ്യംചെയ്യുന്നതിന് അന്വേഷണസംഘത്തിനു തടസ്സമായി. കേസ് അട്ടിമറിക്കാന്‍ ബിഷപ്പുമായി അടുപ്പമുള്ളവരുടെ നേതൃത്വത്തില്‍ ഇരയെയും സഹപ്രവര്‍ത്തകരെയും സ്വാധീനിക്കാന്‍ ശ്രമമുണ്ടായി. ജലന്ധറില്‍ പോയി ബിഷപ്പിനെ ചോദ്യംചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി വേണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിലപാട്. കന്യാസ്ത്രീക്കെതിരേ ബിഷപ് നല്‍കിയ പരാതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പിന്നാലെയായിരുന്നു പോലിസ് സംഘം. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപകമായ വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് ഡിജിപി, ഐജി, എസ്പി എന്നിവര്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്വേഷണസംഘം ജലന്ധറിലേക്ക് തിരിച്ചത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷിച്ചെങ്കിലും ബിഷപ്പിന് പറയാനുള്ളതുമാത്രം കേട്ടശേഷം അന്വേഷണസംഘം വെറുംകൈയോടെ മടങ്ങി. പിന്നാലെ കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ കേസ് മുങ്ങിപ്പോയി.
എന്നാല്‍, ഡിജിപിയും ഐജിയും ഉള്‍െപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കുന്നുവെന്ന ആരോപണവുമായി കന്യാസ്ത്രീയുടെ ബന്ധുക്കള്‍ രംഗത്തെത്തി. തുടര്‍ന്നാണ് ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന വാദവുമായി അന്വേഷണസംഘം ഉന്നയിക്കുന്നത്. അതിനിടെ, ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ പ്രത്യക്ഷസമരം തുടങ്ങി. ബിഷപ് ഉന്നയിച്ച വാദങ്ങളെല്ലാം കളവാണെന്നും കന്യാസ്ത്രീയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നുമുള്ള നിഗമനത്തി ല്‍ പോലിസ് എത്തിച്ചേരുകയും രണ്ടാംഘട്ട ചോദ്യംചെയ്യലിന് കളമൊരുങ്ങുകയുമായിരുന്നു. അറസ്റ്റുണ്ടാവുമെന്ന സൂചനകള്‍ ലഭിച്ചതോടെ ബിഷപ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത് അന്വേഷണസംഘത്തെയും സമരം ചെയ്യുന്ന കന്യാസ്ത്രീകളെയും ആശങ്കയിലാക്കി. എന്നാല്‍, ഹരജിയില്‍ തീരുമാനമെടുക്കാതെ നീട്ടിവച്ചത് പ്രതീക്ഷ നല്‍കി. പിന്നെ മൂന്നുദിവസം മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലും ഒടുവില്‍ അറസ്റ്റും. ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണെങ്കിലും ബിഷപ്പിന്റെ അറസ്റ്റ് യാഥാര്‍ഥ്യമായതിന്റെ ആശ്വാസത്തിലാണ് കന്യാസ്ത്രീകളും പൊതുസമൂഹവും.

RELATED STORIES

Share it
Top