ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികളില്‍ വൈരുധ്യമെന്ന്

കോട്ടയം: പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെയും പരാതിക്കാരിയായ കന്യാസ്ത്രീയുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കോട്ടയം എസ്പി എസ് ഹരിശങ്കര്‍. ഈ വൈരുധ്യങ്ങളെല്ലാം പരിഹരിച്ച ശേഷമാവും കുറ്റപത്രം നല്‍കുക. കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്നും എസ്പി കോട്ടയത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. കേസന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദമൊന്നുമില്ല. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോവുന്നത്. ഇക്കാര്യത്തില്‍ യാതൊരു കാലതാമസവുമുണ്ടായിട്ടില്ല. തെളിവുകള്‍ ശേഖരിക്കാനുള്ള സമയം മാത്രമാണെടുത്തത്. ചോദ്യംചെയ്യലിനായി ബിഷപ്പിനെ വിളിച്ചുവരുത്തേണ്ട സാഹചര്യമായിട്ടില്ല. ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിക്കാന്‍ അന്വേഷണസംഘത്തിന് ഏഴുദിവസംകൂടി നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ ആര്‍ക്കും കോടതിയെ സമീപിക്കാം. നിലവിലെ നിയമവ്യവസ്ഥയനുസരിച്ച് അതില്‍ യാതൊരു തടസ്സവുമില്ല. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോവുന്നതെന്നാണ് നേരത്തെ ഹൈക്കോടതിയും വ്യക്തമാക്കിയതെന്ന് എസ്പി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ബിഷപ്പിനെ ധൃതിപിടിച്ച് അറസ്റ്റ് ചെയ്യേണ്ടെന്ന തീരുമാനമുണ്ടായത്. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകള്‍ വിശദമായി പരിശോധിച്ചശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം. കോടതിയില്‍ തിരിച്ചടിയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഏഴുദിവസത്തിനുള്ളില്‍ പിഴവുകള്‍ ഒഴിവാക്കി ആദ്യഘട്ട അന്വേഷണം പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങളാണു പുരോഗമിക്കുന്നത്. അതേസമയം കന്യാസ്ത്രീയുടെ രഹസ്യമൊഴിയടക്കം ബിഷപ്പിനെതിരേ നിരവധി തെളിവുകള്‍ ലഭിച്ചിട്ടും ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നത് ഉന്നതതല സമ്മര്‍ദം മൂലമാണെന്ന ആക്ഷേപം ശക്തമാണ്.

RELATED STORIES

Share it
Top