ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തടസ്സം സര്‍ക്കാര്‍

കൊച്ചി: സഭയിലെ പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും സര്‍ക്കാരിനെതിരേ രോഷം പൂണ്ടും കന്യാസ്ത്രീ രംഗത്ത്. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതിനെതിരേ അഞ്ചു കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഹൈക്കോടതി ജങ്ഷനില്‍ നടന്നുവരുന്ന റിലേ സമരത്തിന് പിന്തുണയുമായി എത്തിയ സിസ്റ്റര്‍ ടീനയാണ് സഭയില്‍ നിലനില്‍ക്കുന്ന പീഡനങ്ങളെക്കുറിച്ചും ഭരണകൂടത്തിനെതിരേയും ആഞ്ഞടിച്ചത്. സഭയില്‍ നിന്നു നീതി കിട്ടാത്തതിനെ തുടര്‍ന്നാണ് തങ്ങളെപ്പോലുള്ള കന്യാസ്ത്രീകള്‍ക്ക് തെരുവിലേക്ക് ഇറങ്ങേണ്ടിവന്നതെന്ന് സിസ്റ്റര്‍ ടീന പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ തടസ്സം നില്‍ക്കുന്നതെന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. പണത്തിനും വോട്ടിനും വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയസാഹചര്യമാണുള്ളത്. തെറ്റിന് കൂട്ടുനില്‍ക്കുന്നവരും തെറ്റു ചെയ്യുന്നവരുമായ മെത്രാന്മാര്‍ സഭയെ സ്‌നേഹിക്കുകയല്ല മറിച്ച്, നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവര്‍ സഭയിലെ ഇത്തിള്‍ക്കണ്ണികളാണ്. ജലന്ധര്‍ ബിഷപ്പില്‍ നിന്നു കന്യാസ്ത്രീക്കുണ്ടായത് സഭയില്‍ ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തില്‍ ചെറുതും വലുതുമായ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സിസ്റ്റര്‍മാര്‍ സഭയില്‍ നിന്നു പുറത്താക്കപ്പെടുകയും വേട്ടക്കാര്‍ സഭയില്‍ തുടരുകയും കുര്‍ബാന ചൊല്ലിനടക്കുകയും ചെയ്യുന്ന അനുഭവങ്ങളാണ് ഉണ്ടാവുന്നത്. അടുത്തകാലത്തായി മറ്റൊരു കന്യാസ്ത്രീക്കും ഇതുപോലെ ഒരു വൈദികനില്‍ നിന്നു ദുരനുഭവമുണ്ടായിരുന്നു. അതിനെതിരേ പ്രതികരിച്ച കന്യാസ്ത്രീയെ സ്ഥലംമാറ്റി. ട്രാന്‍സ്ഫറായി ചെന്ന സ്ഥലത്ത് കൊടിയ പീഡനങ്ങളായിരുന്നു അവര്‍ നേരിട്ടത്. ഇവര്‍ പിന്നീട് സഭയില്‍ നിന്നു പോയി. അവരെ ദ്രോഹിക്കാന്‍ ശ്രമിച്ച വൈദികന്‍ കുര്‍ബാനയും ചൊല്ലി നടക്കുകയാണ്. സാമ്പത്തിക തിരിമറികളാണ് സഭയിലെ ഏറ്റവും വലിയ പ്രശ്‌നം. അത് അവസാനിച്ചാല്‍ ഒരു പരിധിവരെ എല്ലാ പ്രശ്‌നവും തീരുമെന്നും ടീന പറഞ്ഞു.

RELATED STORIES

Share it
Top