ബില്‍ക്കീസ് ബാനു കേസ് : 12 പേരുടെ ജീവപര്യന്തം ശരിവച്ചു; 7 പ്രതികളെ വെറുതെവിട്ടത് റദ്ദാക്കിമുംബൈ: 2002ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ചുമാസം ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന കേസിലെ 12 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ്‌ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു. പോലിസുകാരും ഡോക്ടര്‍മാരുമടക്കം ഏഴുപേരെ വെറുതെവിട്ട നടപടി കോടതി റദ്ദാക്കി. പ്രതികളില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപ്പീലും കോടതി തള്ളി. ബിജെപി നേതാക്കള്‍ അടക്കമുള്ള 12 പ്രതികളുടെ ജീവപര്യന്തം ശിക്ഷയാണ് കോടതി ശരിവച്ചത്. ജസ്വന്ത്ഭായ് നയി, ഗോവിന്ദ്ഭായ് നയി, ശൈലേഷ് ഭട്ട്, രാധേഷം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസാര്‍ഭായ് വൊഹാനിയ, പ്രദീപ് മോര്‍ദിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരുടെ ജീവപര്യന്തമാണ് കോടതി ശരിവച്ചത്. പ്രതികളില്‍ ഒരാള്‍ നേരത്തേ മരിച്ചിരുന്നു. 2008ല്‍ മുംബൈ പ്രത്യേക കോടതി 12 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 12 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഈ വിധിയാണ് മുംബൈ ഹൈക്കോടതി ശരിവച്ചത്. വി കെ താഹില്‍ രമണി, മൃദുലാ ഭട്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തില്‍നിന്നു വിചാരണക്കോടതി വിമുക്തരാക്കിയ രണ്ടു ഡോക്ടര്‍മാരും അഞ്ചു പോലിസുകാരും ഉള്‍പ്പെടെ ഏഴുപേര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ഇവര്‍ ഇതുവരെ ജയിലില്‍ കഴിഞ്ഞ കാലം തടവായി പരിഗണിക്കും. ഏഴുപേര്‍ക്കും 20,000 രൂപ പിഴയും വിധിച്ചു. 2002ല്‍ ഗുജറാത്ത് കലാപകാലത്താണ്, ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗത്തിന് ഇരയായത്. ബില്‍ക്കീസിന്റെ കുടുംബത്തിലെ 12 പേരെ  കൊലപ്പെടുത്തിയിരുന്നു. മൂന്ന് വയസ്സുള്ള മകളെ തറയിലെറിഞ്ഞാണ് കൊലപ്പെടുത്തിയത്.

RELATED STORIES

Share it
Top