ബില്ല് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള 2018ലെ ശമ്പളവും ബത്തകളും നല്‍കല്‍(ഭേദഗതി) ബില്ലും മുന്‍ എംഎല്‍എമാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള 2018ലെ കേരളാ നിയമസസഭാ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കല്‍ (ഭേദഗതി) ബില്ലും നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.
ശമ്പളവും ബത്തകളും നല്‍കല്‍  ബില്ലിലെ വ്യവസ്ഥയനുസരിച്ച് മന്ത്രിമാരുടെ ശമ്പളം 55,012ല്‍ നിന്ന് 90,300 രൂപയാവും. എംഎല്‍എമാരുടേത് 39,500ല്‍ നിന്ന് 70,000 രൂപയായും ഉയരും. നിയമസഭാ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് എംഎല്‍എമാര്‍ക്ക് വിമാന യാത്രാക്കൂലി ഇനത്തില്‍ പ്രതിവര്‍ഷം പരമാവധി 50,000 രൂപ വരെ അനുവദിക്കും. സാമാജികരുടെ അപകട ഇന്‍ഷുറന്‍സ് തുക അഞ്ചു ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയരും. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് തിരുവനന്തപുരം നഗരത്തിന്റെ എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നടത്തുന്ന യാത്രകള്‍ക്കുള്ള ആനുകൂല്യം പ്രതിമാസം 10,500 രൂപയില്‍ നിന്ന് 17,000 രൂപയായി ഉയരും.
നിയമസഭാ സാമാജികര്‍ക്ക് 10 ലക്ഷം വരെ പലിശരഹിത വാഹന വായ്പയും 20 ലക്ഷം വരെ കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പയും ലഭിക്കും.  ദിനബത്ത 750ല്‍ നിന്ന് 1000 രൂപയാക്കും. സ്ഥിരബത്തകള്‍ 1,000ത്തില്‍ നിന്ന് 2,000 രൂപയാവും. നിയോജകമണ്ഡലം ബത്ത പ്രതിമാസം 12,000 രൂപയില്‍ നിന്ന് 25,000 രൂപയാവും. ഏറ്റവും കുറഞ്ഞ യാത്രാബത്ത പ്രതിമാസം 15,000 രൂപയില്‍ നിന്ന് 20,000 രൂപയാവും. ടെലിഫോണ്‍ ബത്ത പ്രതിമാസം 7,500 രൂപയില്‍ നിന്ന് 11,000 രൂപയാവും. ഇന്‍ഫര്‍മേഷന്‍ ബത്ത പ്രതിമാസം 1,000 രൂപയില്‍ നിന്ന് 4,000 രൂപയാവും.  അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ എംഎല്‍എക്ക് പെന്‍ഷന്‍ 10,000ല്‍ നിന്ന് 20,000 ആയി ഉയരും.

RELATED STORIES

Share it
Top