ബില്ല് നല്‍കുന്നില്ല; ആംബുലന്‍സുകള്‍ ഈടാക്കുന്നത് അമിത നിരക്ക്‌

നെന്മാറ: ജീവന്‍ രക്ഷിക്കാന്‍ ഓടുന്ന ആംബുലന്‍സുകള്‍ കൊല്ലുന്ന വാടക ഈടാക്കുന്നതായി വ്യാപക പരാതി. ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് രോഗികളെ പിഴിയുന്ന വാടക ഈടാക്കുന്നത്.  ചില ഭാഗങ്ങളില ആംബുലന്‍സ് സര്‍വീസ് സേവനമെന്ന പേരില്‍ സന്നദ്ധ സംഘടനകള്‍ പോലും ബിസിനസ്സായി നടത്തുകയാണ്. അടുത്തിടെ നെന്മാറയിലെ ആംബുലന്‍സുകള്‍ക്കെതിരെയാണ് വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുന്നത്. രോഗിയുമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിന് ആംബുലന്‍സ് വാടകയായി വാങ്ങുന്നത് 2500 രൂപ. 48 കിലോമീറ്റര്‍ ദൂരത്തിനാണ് ഇത്രയും വാടക വാങ്ങുന്നത്. പലപ്പോഴും രോഗിയുമായി പോകുമ്പോള്‍ തുടക്കത്തില്‍ വാടക ചോദിക്കാത്തതാണ് ആംബുലന്‍സുകാര്‍ക്ക് തോന്നിയ നിരക്ക് ഈടാക്കാന്‍ ഇടയാക്കുന്നത്. ചെറു പട്ടണമായ നെന്മാറയില്‍ മാത്രം പത്തിനടുത്ത് ആംബുലന്‍സുകളാണ് സര്‍വീസ് നടത്തുന്നത്.താല്‍പ്പര്യമുള്ളവര്‍ക്ക് ഇഷ്ടമുള്ള ആംബുലന്‍സ് വിളിക്കാനും പറ്റാത്ത സ്ഥിതിയാണിവിടെ. വാഹനങ്ങളുടെ ഊഴമനുസരിച്ച് ഓട്ടം വിളിക്കേണ്ട ഗതികേടിലാണ്. മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ പലപ്പോഴും ചെറുതും വലുതുമായ അപകടങ്ങള്‍ നിത്യസംഭവമാണ്. ഈ ഭാഗങ്ങളില്‍ പരിക്കേറ്റവരെ നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് എത്തിക്കുക. തുടര്‍ ചികില്‍സ ലഭ്യമാക്കണമെങ്കില്‍ തൃശ്ശൂര്‍ മെഡിക്കല്‍കോളജിലേക്കോ, പാലക്കാട് ജില്ലാ ആശുപത്രിയിലേക്കോ ആണ് റഫര്‍ ചെയ്യുന്നത്. ഇങ്ങിനെ റഫര്‍ ചെയ്യുന്നരോഗികളെ കൊണ്ടുപോകുന്നത് ഇത്തരം ആംബുലന്‍സുകളാണ്. എന്നാല്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആംബുലന്‍സിന്റെ സേവനം പലപ്പോഴും പൊതുജനങ്ങള്‍ക്ക് ലഭിക്കാറില്ല. ഇതാണ് സ്വകാര്യ ആംബുലന്‍സുകാര്‍ക്ക് മുതലെടുക്കുന്നത്. ചെറു ഓട്ടമാണെങ്കിലും ചുരിങ്ങിയത്  1000 രൂപ ഈടാക്കുന്നു. തിരക്കുകള്‍ക്കിടയില്‍ ആരും ബില്ലു ചോദിക്കാത്തതും വാടകയുടെ പേരില്‍ തട്ടിപ്പിന് ഇടയാക്കുന്നു.

RELATED STORIES

Share it
Top