ബില്ലിനെതിരേ രാജ്യത്തുടനീളം വനിതാലീഗ് പ്രചാരണം നടത്തും

കോഴിക്കോട്: ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് തുരങ്കംവയ്ക്കുന്ന മുത്ത്വലാഖ് ബില്ല്് രാജ്യസഭാംഗങ്ങള്‍  തള്ളിക്കളയണമെന്ന് വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബീനാ റഷീദ്. ബില്ലിനെതിരേ രാജ്യത്തുടനീളം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം 12ന് തൃശ്‌നാപ്പള്ളിയില്‍ ചേരുന്ന ദേശീയ കമ്മിറ്റി അന്തിമരൂപം നല്‍കുമെന്നും നൂര്‍ബീനാ റഷീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാജ്യസഭാംഗങ്ങളെ നേരില്‍ കാണുകയും രാഹുല്‍ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. മുത്തലാഖ് ബില്ല് മുസ്്‌ലിം സ്ത്രീകള്‍ക്ക് ഒരു നേട്ടവും ഉണ്ടാക്കുന്നില്ല. സുപ്രിം കോടതി നിരീക്ഷിക്കാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉപയോഗിക്കാവുന്ന രീതിയിലുള്ളതാക്കി ബില്ല് അവതരിപ്പിക്കുകയാണ് ഭരണകൂടം ചെയ്തത്. ബജറ്റ് സെഷനില്‍ ബില്ല് വീണ്ടും കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ ആലോചന. ഈ സാഹചര്യത്തിലാണ് വനിതാലീഗ് വിഷയം ചര്‍ച്ച ചെയ്ത്് പൊതുസമൂഹത്തിന്റെ മുന്നിലേക്കിറങ്ങുന്നത്. മുത്ത്വലാഖ് ചൊല്ലിയാല്‍ വിവാഹബന്ധം വേര്‍പെടില്ലെന്ന് സുപ്രിംകോടതി തന്നെ വ്യക്തമാക്കിയിരിക്കെ നിയമത്തിലൂടെ നിരപരാധികളെ ജയിലിലടയ്ക്കുന്ന രീതി അംഗീകരിക്കാനാവില്ല. വിവാഹജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കുടുബപ്രശ്‌നമായാണ് കാണേണ്ടത്. അതുകൊണ്ടാണ് കുടുംബകോടതികള്‍ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികളില്‍ നിന്ന് അകലം പാലിച്ച് സ്ഥാപിച്ചിട്ടുളളത്. ഇതും പരമോന്നത നീതിപീഠത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ഇത്തരം വസ്തുതകളെല്ലാം കാറ്റില്‍ പറത്തുന്ന വിധമാണ് മുത്ത്വലാഖ് ബില്ലിന് രൂപം നല്‍കിയിട്ടുള്ളതെന്നും അഡ്വ. നൂര്‍ബീന റഷീദ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വനിതാലീഗ് മേഖലാ സെക്രട്ടറി ജയന്തിരാജനും സംബന്ധിച്ചു.

RELATED STORIES

Share it
Top