ബിലാല്‍ അഹ്മദ് കാവയുടെ അറസ്റ്റിനെതിരേ ബന്ധുക്കള്‍

ന്യൂഡല്‍ഹി: ചെങ്കോട്ട ആക്രമണക്കേസില്‍ കശ്മീര്‍ സ്വദേശി ബിലാല്‍ അഹ്മദ് കാവയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്നു കുടുംബാംഗങ്ങള്‍. 2000ലെ ചെങ്കോട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് ഈ മാസം 10നാണ് ബിലാല്‍ അഹ്മദ് കാവ അറസ്റ്റിലാവുന്നത്. ഗുജറാത്ത് എടിഎസും ഡല്‍ഹി പോലിസും ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലിസ് വ്യാജ കേസില്‍ കുടുക്കുകയാണെന്നു കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
അഹ്മദ് കാവ ഒളിവിലായിരുന്നെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, അദ്ദേഹം ഒരിക്കലും ഒളിവിലല്ലായിരുന്നെന്നും ഡല്‍ഹിയില്‍ സ്വന്തം വീട്ടിലായിരുന്നെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഒരു നിരപരാധിയെ ഭീകരവാദിയാക്കി ചിത്രീകരിക്കുകയാണ് മാധ്യമങ്ങള്‍. അഹ്മദ് കാവയുടെ മോചനം ഉടന്‍ വേണമെന്നും കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അഹ്മദ് വിവാഹിതനാണെന്നും രണ്ടു പെണ്‍മക്കളുടെ പിതാവാണെന്നും ബന്ധുക്കള്‍ അറിയിച്ചു. ന്യൂഡല്‍ഹി സര്‍ദാര്‍ ബസാറിനു സമീപം തന്റെ മകന് വീടുണ്ടെന്നും വൈദ്യപരിശോധനയ്ക്കായാണ് ഡല്‍ഹിയില്‍ പോവുന്നതെന്നും മാതാവ് ഫാത്തിമ ബീഗം അറിയിച്ചു. സായുധ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നെങ്കില്‍ തന്റെ മകന്‍ സ്വന്തം പേരില്‍ ഡല്‍ഹിയില്‍ പോവുമായിരുന്നോ എന്നും അവര്‍ ചോദിച്ചു. സ്ഥിരമായി അഹ്മദ് ഡല്‍ഹിയില്‍ പോവുമായിരുന്നു.
ജനുവരി 26ന് ആക്രമണം ആസൂത്രണം ചെയ്തതായി തന്റെ മകനെതിരേ പോലിസ് ഉന്നയിക്കുന്ന വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നു ഫാത്തിമ ബീഗം പറഞ്ഞു.
അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കിവയ്ക്കണമെന്നു പോലിസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ തന്നെ മാധ്യമങ്ങളിലൂടെ ഈ വിവരം പരസ്യമാക്കിയെന്നും ഫാത്തിമ ബീഗം പറഞ്ഞു.

RELATED STORIES

Share it
Top