ബിരുദ സെമസ്റ്റര്‍ പരീക്ഷകളില്‍ പകുതി കോളജ്തലത്തില്‍ നടത്തണം: മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം: ബിരുദ പരീക്ഷാ നടത്തിപ്പിലെ ഭാരം കുറയ്ക്കാന്‍ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകള്‍ കോളജ്തലത്തില്‍ നടത്തുന്നത് സര്‍വകലാശാലകള്‍ ആലോചിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. വിവിധ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ട്, നാല്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ സര്‍വകലാശാലകള്‍ നടത്തണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം ബിരുദ ഫലത്തിലെ ഗ്രേഡ് നിശ്ചയിക്കേണ്ടത്തെന്നും മന്ത്രി അഭിപ്രായപ്പെട്ടി. ഫൈനല്‍ സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഫലപ്രഖ്യാപനം ഏപ്രില്‍ 30നകവും ബിരുദാനന്തരബിരുദ പരീക്ഷാഫലം മേയ് 31നകവും പൂര്‍ത്തിയാക്കണം. പരീക്ഷാനടത്തിപ്പിലെ കാലഹരണപ്പെട്ട പ്രവര്‍ത്തനരീതികള്‍ മാറ്റണം. ഓണ്‍ലൈനായി ചോദ്യപേപ്പര്‍ ലഭ്യമാക്കണം. ഉത്തര ക്കടലാസുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കാനും കഴിയണം. പരീക്ഷകള്‍ തീര്‍ന്നാലുടന്‍ മൂല്യനിര്‍ണയം ആരംഭിക്കണം.
സംസ്ഥാനത്തിനകത്തെ സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ പരസ്പരം അംഗീകരിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുന്നു. ഒരു ചാന്‍സലറുടെ കീഴില്‍ വരുന്ന സര്‍വകലാശാലകള്‍ കോഴ്‌സുകള്‍ക്ക് പരസ്പരം അംഗീകാരം നല്‍കുന്നില്ലെന്നത് അഭിലഷണീയമല്ല. ഈ പ്രവണത ഒഴിവാക്കണം.
ദേശീയ-അന്തര്‍ദേശീയതലത്തില്‍ പ്രശസ്തമായ സ്ഥാപനങ്ങളുടെ കോഴ്‌സുകള്‍ പാസായ വിദ്യാര്‍ത്ഥികളോടുപോലും നമ്മുടെ സര്‍വകലാശാലകള്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതും അംഗീകരിക്കാനാവില്ല. ഇത്തരം തെറ്റായ നടപടികള്‍ ഒഴിവാക്കാനാവശ്യമായ നിയമനിര്‍മാണം അക്കാദമിക കൗണ്‍സിലുകളും സിന്‍ഡിക്കേറ്റുകളും നടത്തണം. നാക് അക്രഡിറ്റേഷന്‍ നല്‍കുന്നത് പോലെ സ്വാശ്രയകോളജുകളെ വിലയിരുത്താന്‍ സാക് (സ്‌റ്റേറ്റ് അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) രൂപീകരിക്കും. ഓരോ സിന്‍ഡിക്കേറ്റുകളും പ്രാദേശിക/ജില്ല/ഏരിയ അടിസ്ഥാനത്തില്‍ സാക് പീകരിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കണം.
യോഗത്തില്‍ ആദ്യ ദിനം കേരള, കണ്ണൂര്‍, കാലിക്കറ്റ്, എം ജി സര്‍വകലാശാല പ്രതിനിധികള്‍ പങ്കെടുത്തു.
കുസാറ്റ്, കെടിയു, മലയാളം, ന്യുവാല്‍സ് (നിയമം) സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.

RELATED STORIES

Share it
Top