ബിരുദ സീറ്റ് കുറവ്കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച്

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ സീറ്റില്ലാത്ത കാരണത്താല്‍ ഉപരിപഠനത്തിനു സാധിക്കാത്ത അരലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍. കാംപസ് ഫ്രണ്ട് നടത്തിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള സീറ്റിനേക്കാള്‍ കൂടുതല്‍ പേര്‍ അപേക്ഷിച്ചിട്ടും മനപ്പൂര്‍വം വേണ്ട നടപടികള്‍ എടുക്കാതിരുന്നതിലൂടെ വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. ഓരോ വര്‍ഷവും നിയമപരമായി സീറ്റ് വര്‍ധിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിന് അനുമതി ഉണ്ടായിരിക്കെ നടപടി സ്വീകരിക്കാതിരുന്നതിലൂടെ കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്നു പറഞ്ഞ ആളുകളുടെ പിന്മുറക്കാരാണ് സിന്‍ഡിക്കേറ്റില്‍ വന്നിരുന്നു മലബാറില്‍ സീറ്റ് വര്‍ധന വേണ്ടെന്നു പറയുന്നത്. സീറ്റ് വര്‍ധിപ്പിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നാസര്‍ ആവശ്യപ്പെട്ടു.
സര്‍വകലാശാലാ പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് യൂനിവേഴ്‌സിറ്റി എ ഡി ബ്ലോക്കിന് സമീപം പോലിസ് തടഞ്ഞു. സംസ്ഥാന ഖജാഞ്ചി ഷഫീക് കല്ലായി, സംസ്ഥാനസമിതി അംഗങ്ങളായ പി വി ഷഫീഖ് തൃശൂര്‍, ഫായിസ് കാണിച്ചേരി, ജില്ലാ ഭാരവാഹികളായ ടി മുഹമ്മദ് ഷഫീക്, അര്‍ഷക് വാഴക്കാട്, കെ ഐ ഇസ്മയില്‍, നൗഫല്‍ വെട്ടിച്ചിറ, ഫസല്‍ പി, ഫാത്തിമ ഷെറിന്‍, ജസീല ജബിന്‍, സന ജയ്ഫര്‍, സുഹാന പി കെ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top