ബിരുദ ഫലങ്ങള്‍ റെക്കോഡ് വേഗത്തില്‍ : പരീക്ഷ നടത്തി 50 ദിവസംകൊണ്ട് ഫലം പ്രസിദ്ധീകരിച്ച് എംജികോട്ടയം: ആറാം സെമസ്റ്റര്‍ ബിരുദഫലങ്ങള്‍ റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധപ്പെടുത്തി ശ്രദ്ധേയമായ നേട്ടവുമായി എംജി സര്‍വകലാശാല. ഏപ്രില്‍ 12ന് അവസാനിച്ച ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിരുദ പരീക്ഷകളുടെ ഫലങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തിയത്. പരീക്ഷ നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും എംജി സര്‍വകലാശാല ഫലം പ്രസിദ്ധീകരിക്കുന്നില്ലെന്നും വിദ്യാര്‍ഥികളുടെ ബിരുദാനന്തര ബിരുദ പ്രവേശനം അവതാളത്തിലാവുന്നുവെന്നുമുള്ള കാലങ്ങളായുള്ള ആക്ഷേപത്തിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. ബിഎ, ബികോം പരീക്ഷകളുടെ ഫലമാണ് ഇന്നലെ വൈകീട്ട് മൂന്നോടെ വെബ്‌സൈറ്റില്‍ അപ്്‌ലോഡ് ചെയ്തത്. ഇന്ന് മാര്‍ക്ക് സഹിതം ഫലം വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാമെന്ന് വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റിയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2016ല്‍ ജൂലൈ 13ന് ഫലം പ്രസിദ്ധീകരിച്ച സ്ഥാനത്താണ് ഇത്തവണ പരീക്ഷ നടത്തി 50 ദിവസത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്തിയത്.വിവിധ കോളജുകളില്‍നിന്ന് സര്‍വകലാശാലയിലെ കേന്ദ്രീകൃത ക്യാംപിലെത്തിച്ച 1.78 ലക്ഷം ഉത്തരക്കടലാസുകള്‍ ഫാള്‍സ് നമ്പരിട്ട് നൂറുവീതമുള്ള കെട്ടുകളാക്കി ഒമ്പതു മേഖലാ ക്യാംപുകള്‍വഴി ഏപ്രില്‍ 24നാണ് അധ്യാപകര്‍ക്കു വിതരണം ചെയ്തത്. 3,000 അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തി 13 ദിവസം മാത്രമെടുത്താണു മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. മാര്‍ക്ക് ഷീറ്റുകള്‍ വീണ്ടും സര്‍വകലാശാലയിലെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപില്‍ ഫാള്‍സ് നമ്പര്‍ ഡീകോഡിങ് നടത്തിയ ശേഷം മാര്‍ക്കുകള്‍ രേഖപ്പെടുത്തി. തുടര്‍ന്ന് കംപ്യൂട്ടര്‍ പ്രോസസിങ്ങിലൂടെ 23 ദിവസംകൊണ്ടാണ് ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്. എംജി സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ പിജി കോഴ്‌സുകളിലേക്കുള്ള ക്ലാസ് ജൂണ്‍ 29ന് ആരംഭിക്കും. മറ്റ് സര്‍വകലാശാലകളില്‍നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കായി അപേക്ഷിക്കാനുള്ള തിയ്യതി നീട്ടിനല്‍കും. മാര്‍ക്കിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് അവര്‍ക്ക് ഉറപ്പാക്കും. റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ പിജി പരീക്ഷകളുടെ ഫലം ജൂലൈ 31ന് പ്രസിദ്ധീകരിക്കാനാണ് ആലോചിക്കുന്നത്. ജൂണ്‍ 15 ഓടെ വൈവയും പ്രാക്ടിക്കലും ജൂലൈയില്‍ മൂല്യനിര്‍ണയവും പൂര്‍ത്തിയാക്കും. ആറാം സെമസ്റ്റര്‍ ഫലം പുറത്തുവരുന്നതിനു മുമ്പ് ഏതെങ്കിലും സ്വയംഭരണ കോളജുകള്‍ പിജി പ്രവേശനം നടത്തിയിട്ടുണ്ടെങ്കില്‍ അത്തരം കോളജുകള്‍ക്കെതിരേ സര്‍വകലാശാലാ തലത്തില്‍ നടപടിയുണ്ടാവും. പിജി പരീക്ഷാ ഫലം അടുത്ത വര്‍ഷം മെയില്‍ പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.

RELATED STORIES

Share it
Top