ബിരുദ പ്രവേശനം: അപേക്ഷ നല്‍കിയ അരലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ അംഗീകൃത കോളജുകളിലേക്ക് ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് ഇന്നലെ പൂര്‍ത്തിയായപ്പോള്‍ പ്രവേശനം നേടിയത് 56,000 പേര്‍. അപേക്ഷ നല്‍കിയ അരലക്ഷത്തില്‍പരം വിദ്യാര്‍ഥികള്‍ ഇതോടെ സീറ്റില്ലാതെ പുറത്തായി.
പ്ലസ്ടുവില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ പുറത്തായത്. 1,31,000 അപേക്ഷകളാണ് ആകെയുള്ളത്. ഇതില്‍ പകുതി വിദ്യാര്‍ഥികള്‍ക്കു പോലും പ്രവേശനം ലഭിച്ചിട്ടില്ല. സ്ഥിരം സീറ്റ് വര്‍ധനയ്ക്ക് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തയ്യാറായില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പ്രവേശനത്തിന് സീറ്റില്ലാതെ ബുദ്ധിമുട്ടുന്നത്.
ക്ലാസുകള്‍ ഇന്നുതന്നെ തുടങ്ങാനാണ് സര്‍വകലാശാല കോളജുകള്‍ക്ക് നല്‍കിയ നിര്‍ദേശം.
സപ്ലിമെന്ററി അലോട്ട്‌മെന്റ് മാത്രമാണ് ഇനിയുള്ള ഏക ആശ്രയം. അതുവഴി 5000 പേര്‍ക്കുകൂടി അവസരം ലഭിച്ചേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ഇന്ന് വിസി ബന്ധപ്പെട്ട അധികൃതരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
അതിനു പുറമേ എസ്‌സി-എസ്ടി, ബിപിഎല്‍ കാറ്റഗറിയില്‍ വീണ്ടും ഒരു അലോട്ട്‌മെന്റ് കൂടി നടത്തും. രണ്ട് ആഴ്ച കഴിഞ്ഞേ അത് നടക്കൂ. 56,000ല്‍ ഒഴിവ് വരുന്ന സംവരണ സീറ്റിലേക്ക് ഒരു അവസരം കൂടി നല്‍കിയായിരിക്കും പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുകയെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
ബാക്കി വരുന്ന വിദ്യാര്‍ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗത്തെയും സമാന്തര മേഖലയെയും ആശ്രയിക്കേണ്ടിവരും.

RELATED STORIES

Share it
Top