ബിരിയാണി ദലിതും ബ്രാഹ്മിന്‍സ് സാമ്പാറും

ഉച്ചഭാഷണം
സിതാരരണ്ടാഴ്ചകൂടി പിന്നിടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എന്തെന്തു വ്യത്യസ്തമായ ചര്‍ച്ചകളാണു പൊടിപൊടിക്കുന്നത്!
'വണ്ടീംകൊണ്ട് വരാന്‍ പൊലച്ചി നന്നായിപ്പോയല്ലോ, നീ ഇനി ഈ സ്റ്റാന്റില്‍ വണ്ടി വയ്ക്കരുത്. നീ താണ പുലച്ചിയാണ്, സ്റ്റാന്റ് അശുദ്ധമാവും'- ഇത് കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിലെ കുഞ്ഞിമംഗലം എടാട്ട് സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ചിത്രലേഖയോട് അവിടത്തെ സിഐടിയു തൊഴിലാളി യൂനിയന്‍കാരായ ഒരുപറ്റം മാടമ്പികള്‍ പറഞ്ഞ വാക്കുകളാണ്. തിയ്യസമുദായത്തില്‍പ്പെട്ട ഈ തൊഴിലാളിസഖാക്കള്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നു വണ്ടി ചുട്ടുകരിച്ചതുപോലെ നിന്നെയും കുടുംബത്തെയും ചുട്ടുകരിക്കുമെന്ന്. അങ്ങനെ ചിത്രലേഖയുടെ കുടുംബം സിഐടിയു തൊഴിലാളികളുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ഭീഷണിക്കു മുമ്പില്‍ ഭയചകിതരായാണ് ജീവിക്കുന്നത്. സെക്രട്ടേറിയറ്റ് പടിക്കല്‍ ദീര്‍ഘനാളായി സമരം നടത്തുന്ന ചിത്രലേഖ സഹികെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെഴുതിയ കത്ത് ഇങ്ങനെ:


Chitralekha_

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി അവര്‍കള്‍ക്ക് എരമംഗലത്ത് ചിത്രലേഖയുടെ തുറന്ന കത്ത്

സാര്‍,
ഞാന്‍ പട്ടികജാതി പുലയ സമുദായത്തില്‍പ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറാണ്. കഴിഞ്ഞ 11 വര്‍ഷമായി ഞാന്‍ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ വേണ്ടി നടത്തുന്ന അതിജീവനസമരത്തിന്റെ ഭാഗമായി 122 ദിവസം കലക്ടറേറ്റിനു മുമ്പില്‍ രാവും പകലും സമരത്തിലായിരുന്നു. നൂറ്റി ഇരുപത്തിരണ്ടാം ദിവസം ജനകീയ മുഖ്യമന്ത്രിയായ അങ്ങ് എന്നെ ചര്‍ച്ചയ്ക്ക് കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ വിളിക്കുകയും എന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും അതിനാല്‍ സമരം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷമായിട്ടും എനിക്ക് തന്ന ഉറപ്പ് പാലിക്കാന്‍ അങ്ങേക്കു സാധിച്ചിട്ടില്ല. അതിനു കാരണം ഞാന്‍ ജനിച്ച സ്വത്വത്തിന്റെ ഭാഗം ആണ് എന്ന് മനസ്സിലാക്കുന്നു.
സര്‍, അങ്ങയുടെ എതിര്‍പാര്‍ട്ടിയായ സിപിഎമ്മിന്റെ ജാതീയ അക്രമത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനും ചുവന്ന ഫാഷിസത്തിനും എതിരേ 11 വര്‍ഷമായി സമരം ചെയ്യുന്ന എനിക്ക് നീതി നല്‍കാതെ അങ്ങയുടെ പാര്‍ട്ടിയുടെ പ്രസിഡന്റ് സിപിഎമ്മിന്റെ രാഷ്ട്രീയ അക്രമത്തിനെതിരേ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ നടത്തുമ്പോള്‍ ആ പാര്‍ട്ടിയുടെ അക്രമത്താല്‍ ജീവിക്കാന്‍ വേണ്ടി അതിജീവനസമരം നടത്തുന്ന എന്നെ മറന്നുപോവുന്നത് സര്‍ക്കാരും സിപിഎമ്മും നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണെന്ന് ഞാന്‍ സംശയിക്കുന്നു. അതുകൊണ്ടു തന്നെ എനിക്ക് നീതി ലഭിക്കില്ല എന്ന് മനസ്സിലാക്കുന്നു. ജീവിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ സര്‍ക്കാര്‍ എനിക്ക് ദയാവധം തരുവാന്‍ വിനീതമായി അപേക്ഷിക്കുന്നു. അല്ലെങ്കില്‍ എനിക്കും കുടുംബത്തിനും എന്തു സംഭവിച്ചാലും അതിന് ഉത്തരവാദി ജനകീയ മുഖ്യമന്ത്രിയായ അങ്ങുതന്നെ ആയിരിക്കുമെന്ന് വളരെ ദുഃഖത്തോടെ അറിയിക്കുന്നു.
വിശ്വസ്തതയോടെ
ചിത്രലേഖ

ബിരിയാണി ദലിത്

ഇനി അജിത്കുമാര്‍ എ എസ് എന്ന ദലിത് പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മുസ്‌ലിം രാഷ്ട്രീയത്തോടുള്ള ബന്ധം എന്റെ ദലിത് രാഷ്ട്രീയബോധത്തിന്റെ കൂടി ഭാഗമായി വികസിച്ചതാണ്. വെറുതെ ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. ഒരുപാട് ചര്‍ച്ചകളും വായനകളും പ്രവര്‍ത്തനങ്ങളും വഴി വികസിച്ചതാണ്. 'ബിരിയാണി ദലിത്' എന്ന വിളി ദലിത് പ്രവര്‍ത്തകരില്‍ നിന്നുതന്നെ നേരിടേണ്ടി വന്നത് മുസ്‌ലിം രാഷ്ട്രീയത്തോടുള്ള എന്റെ നിലപാടുകൊണ്ടാണ്. ഇസ്‌ലാമിലേക്ക് ദലിതരെ പരിവര്‍ത്തനം ചെയ്യാനുള്ള ഗൂഢശ്രമം നടത്തുന്ന ആളായും ചില ദലിത് പ്രവര്‍ത്തകര്‍ എന്നെ വിളിക്കുകയുണ്ടായി...'
'എനിക്കെതിരേ അധികാരം, സ്ത്രീവിരുദ്ധത എന്നിവ ആരോപിക്കപ്പെടുന്നത് ഈ രാഷ്ട്രീയപരിസരവുമായി കൂടി ബന്ധപ്പെട്ടു കൊണ്ടാണെന്നും അജിത് പറയുന്നു. മുസ്‌ലിംവിരുദ്ധത എന്നത് മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷം മാത്രമല്ല, മറിച്ച് മുസ്‌ലിംരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരേയും വെറുക്കുന്ന ഒരു മാനസികാവസ്ഥയാണ്. മുസ്‌ലിം അല്ല എന്നതുകൊണ്ട് ഒരിക്കലും മുസ്‌ലിംകള്‍ നേരിടുന്നതിന്റെ ഒരംശം പോലും എനിക്ക് മനസ്സിലാക്കാന്‍ കഴിയില്ല. 'യാഥാര്‍ഥ' ദലിത്‌രാഷ്ട്രീയം എന്ന പേരില്‍ എന്റേതുള്‍പ്പെടെയുള്ള രാഷ്ട്രീയങ്ങളെ പുറന്തള്ളാന്‍ ശ്രമിക്കുന്ന 'മുഖ്യധാര' രാഷ്ട്രീയധാരകളോട് നേരിട്ടു സംവദിച്ചുകൊണ്ട് എന്റേതും ഒരു ദലിത് രാഷ്ട്രീയധാരയാണെന്ന് പാര്‍ശ്വങ്ങളില്‍നിന്ന് ഒന്നു പൊരുതിനോക്കാമെന്ന് ഞാന്‍ കരുതുന്നു...'

യുക്തിവാദികളുടെ ഡിങ്കമതം

dinkan-matham

മതകീയരായ മനുഷ്യരെ വിമര്‍ശിക്കാന്‍
വേണ്ടി മാത്രം എഫ്ബിയില്‍ ക്ലച്ചുപിടിച്ചു വരുന്ന ഒരു പ്രവണതയാണ് ഡിങ്കമതം. ബാലമംഗളത്തിലെ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡിങ്കനെ ദൈവമായി അവതരിപ്പിച്ചുകൊണ്ട് മതവിദ്വേഷം പ്രകടിപ്പിക്കുന്ന യുക്തിവാദപ്രവണതയെ വിമര്‍ശിക്കുകയാണ് ഷഫീഖ് സുബൈദ ഹക്കിം: 'ബാലമംഗള'ത്തില്‍ ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ച അന്നത്തെ കുട്ടികളുടെ ഹീറോ അല്ല ഈ ഡിങ്കനും ഈ ബാലമംഗളവും. ഇത് യുക്തിവാദികളുടെ അജണ്ടയാണ്. ഒരു അരസികന്‍ യുക്തിവാദ 'നിരീശ്വര' ട്രോള്‍ ദൈവം. ഇതിനെ കുപ്പിയില്‍ കയറ്റാന്‍ ഇനി ഡിങ്കോയിസ്റ്റുകള്‍ക്ക് മറ്റു പല ദൈവങ്ങളെയും ഇറക്കുമതി ചെയ്യേണ്ടിവരും...'കവിതയെവിടെ മക്കളെ

പൊയ്‌പോയ കവിതാകാലത്തിന്റെ സ്മരണകളിലാണ് സതീശന്‍ എടക്കുനി ഈ കുറിപ്പെഴുതുന്നത്- ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ബൊഹീമിയന്‍ വ്യഥകള്‍' ഉള്‍ക്കൊള്ളുന്ന 'പൊള്ളിപനിക്കുന്ന തീക്ഷ്ണലോകം' എരിച്ചുകളഞ്ഞത് പുരുഷലോകത്തെയാണ്. എഴുപതുകള്‍ക്കു ശേഷം കാംപസുകള്‍ കവിതകള്‍കൊണ്ട് ഇരമ്പിമറിഞ്ഞു. ആ കവിതയുടെ സമുദ്രത്തില്‍ നിന്നു കടമ്മനും ബാലനുമൊക്കെ ഉദയംകൊള്ളുമ്പോള്‍ സൂര്യാഘാതം സംഭവിക്കാതിരിക്കാന്‍ ഞങ്ങള്‍ പാടുപെട്ടു.
'ബാലചന്ദ്രന്‍ പ്രണയ കവിതകളായ ആനന്ദധാരയും ലളിതമായ സന്ദര്‍ശനവും എഴുതിയതുകൊണ്ടു മാത്രം കവിരത്‌നമായി കാണുന്നവരാണ് സ്ത്രീവായനക്കാര്‍.' ഈ കവിതകള്‍ എഴുതിയിട്ടില്ലെങ്കില്‍ ബാലന് സ്ത്രീ പ്രീതി ലഭിക്കുമായിരുന്നില്ലെന്നും സതീശന്‍ നിരീക്ഷിക്കുന്നു. എന്നാല്‍, ചുള്ളിക്കാടിന്റെ ദാര്‍ശനികമാനമുള്ള കവിതകള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകളുമുണ്ടെന്ന് ഇതിനു മറുപടിയായി കവി ഉമ രാജീവ് എഴുതി.

ദിവ്യയുടെ പ്രതികാരം

'മഹേഷിന്റെ പ്രതികാരം' എന്ന സിനിമ താന്‍ തിയേറ്ററില്‍ പോയി കാണില്ലെന്ന് ദിവ്യ പ്രസ്താവിക്കുന്നു. നായകനായി അഭിനയിച്ച
ഫഹദ് തന്റെ ഭാര്യയും പ്രമുഖ നടിയുമായ നസ്രിയയെ അഭിനയിക്കാന്‍ വിടാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ദിവ്യയുടെ പോസ്റ്റ്: 'മഹേഷിന്റെ പ്രതികാര'ത്തെ എത്ര പ്രകീര്‍ത്തിച്ചാലും ശരി, ഞാന്‍ തിയേറ്ററില്‍ പോയി കാണില്ല.

nazriyaനസ്രിയ നസീം എന്ന നടി വീണ്ടും അഭിനയിക്കാന്‍ തുടങ്ങുന്നതു വരെ ഞാന്‍ ഫഹദ് ഫാസിലിനെ ബഹിഷ്‌കരിക്കും. കൊള്ളാവുന്ന നടികളെയൊക്കെ വീട്ടില്‍ കൊണ്ടുപോയി ഇരുത്തുന്ന ഇത്തരം നടന്‍മാര്‍ക്ക് പ്രേക്ഷകരോട് എന്ത് ആത്മാര്‍ഥതയാണുള്ളത്? ഒരേപോലെ സിനിമാ ഫീല്‍ഡില്‍ തിളങ്ങിനിന്ന നടീനടന്‍മാര്‍ വിവാഹിതരായാല്‍ നടി വീട്ടില്‍ ഇരിക്കുകയും നടന്‍ അഭിനയിക്കുകയും ചെയ്യുന്ന 'അന്യായം' ഇനിയെങ്കിലും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അത്തരം നടന്‍മാരുടെ ഒരു സിനിമ പോലും തിയേറ്ററില്‍ പോയി കാണാതെ അവരെ പൂര്‍ണമായും ബഹിഷ്‌കരിക്കുകയാണ് നീതിബോധമുള്ള പ്രേക്ഷകര്‍ ചെയ്യേണ്ടത്.'
റിയാസ് ആമി അബ്ദുല്ല ഈ നിലപാടിനോട് പ്രതികരിച്ചതിങ്ങനെ: 'ആണധികാരത്തിന്റെയും ജാതിചിന്തയുടെയും കൂത്തരങ്ങാണു മലയാള സിനിമാലോകം എന്ന വിശ്വാസമുള്ളപ്പോള്‍ തന്നെ ദിവ്യയോട് വിയോജിക്കുന്നു. ദിവ്യ എന്താണു പറയാന്‍ ശ്രമിക്കുന്നത്? നസ്രിയ നസിം സ്വന്തമായി ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവില്ലാത്ത വെറും കളിപ്പാവയാണെന്നോ? അതല്ല, സിനിമ സംവിധായകന്റേതല്ല നായകനടന്റേത് മാത്രമാണെന്നോ? വിവാഹം കഴിയുന്നതോടെ സിനിമയില്‍ നിന്ന് നടിമാരില്‍ പലരും അപ്രത്യക്ഷരാവുന്നുണ്ട് എന്നതു ശരിതന്നെ. എന്നാല്‍, അതിന്റെ കാരണം ഭര്‍ത്താവ് മാത്രമാണോ? ഒരുപക്ഷേ, ഫഹദ് അനുവദിച്ചാലും നസ്രിയ അഭിനയിച്ചു എന്നു വരില്ല. അത് ഫഹദിന്റെയൊ നസ്രിയയുടെയൊ മാത്രം പ്രശ്‌നമല്ല. വിവാഹം കഴിയുന്നതോടെ സ്ത്രീയുടെ മാര്‍ക്കറ്റ് ഇടിയുന്ന ആണധികാര പൊതുസമൂഹത്തിന്റെ ബോധത്തിന്റെ തന്നെ പ്രശ്‌നമാണ്. വിഷയത്തെ അതിന്റെ വിശാലതയില്‍ കാണാതെ ഫഹദിലേക്കും നസ്രിയയിലേക്കും ചുരുക്കുന്നതാണു ദിവ്യയെ പോലുള്ള സ്ത്രീപക്ഷവാദികളുടെ കുറവ്.''

ആക്ഷന്‍ ഹീറോയുടെ വംശീയ അതിക്രമങ്ങള്‍

Action-Hero-Biju

'ആക്ഷന്‍ ഹീറോ ബിജു' നല്‍കുന്ന പാഠമെന്താണ്? ചിത്രഭാനു ആറ്റൂര്‍ പരിഹാസത്തോടെ എഴുതി: 'പോലിസിന് ആരേം ഇടിക്കാം, എടീ പോടീ എന്നൊക്കെ വിളിക്കാം. തലമുടി നീട്ടിയവര്‍ സാമൂഹികവിരുദ്ധര്‍. ചുമരില്‍ ബോബ് മാര്‍ളി ചിത്രമുണ്ടേല്‍ കഞ്ചാവ്. മനുഷ്യാവകാശം ക്രിമിനലുകള്‍ക്കു വേണ്ടി മാത്രം. ആക്റ്റിവിസ്റ്റായ സ്ത്രീകളുടെ ഭര്‍ത്താവിന് 'ആണത്തമില്ല'. കറുത്ത് തടിച്ച പെണ്ണിനെ പ്രേമിക്കുന്നത് മോശത്തരം. ആഗ്രഹിച്ച പുരുഷന്റെ കൂടെ പോവുന്ന പെണ്ണ് വൃത്തികെട്ടവള്‍, ആരുടെ കൂടെ പോയോ അയാളെ തല്ലാം. കറുത്തവര്‍ വില്ലന്‍മാര്‍, സാമൂഹികദ്രോഹികള്‍. അവരെ ദിവസോം കൂമ്പിനിട്ട് തല്ലാം. പണക്കാരുടെ വീട്ടില്‍ മോഷ്ടിക്കുന്നത് ഇത്തവണയും വേലക്കാരി. ടീച്ചര്‍മാര്‍ കുട്ടികളെ തല്ലി വളര്‍ത്തണം.'
ഫ്രാന്‍സിസ് നസ്‌റത്ത് ദേഷ്യത്തിലാണ്. ആ പടം താന്‍ കാണില്ലെന്നാണ് അദ്ദേഹം എഴുതിയത്. തിയേറ്ററില്‍ ചെന്നോ സിഡി വാങ്ങിച്ചോ ഇനി ചാനലില്‍ ഫ്രീ ആയി വന്നാലോ ഞാനീ പടം കാണില്ല. റേസിസ്റ്റ് പടങ്ങള്‍ക്ക് എന്റെ കാശും സമയവും കൊടുക്കില്ല.
അബുല്‍ ഹസ്സന്‍ ഒ പറയുന്നത് പ്രേമത്തിനെതിരേ പോലിസ് വകുപ്പില്‍ നിന്നു നേരിടേണ്ടി വന്ന വിമര്‍ശനത്തിനുള്ള പരിഹാരമായാണ് സംവിധായകന്‍ ഈ സിനിമ പിടിച്ചതെന്നാണ്. പൗരാവകാശങ്ങളെ അടിച്ചമര്‍ത്താന്‍ സ്‌റ്റേറ്റിന്റെ പ്രധാന മര്‍ദ്ദനോപാധിയായ പോലിസിന്റെ ചെയ്തികളെ പച്ചയായി ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഈ സിനിമയെ കൈയടികളോടെ സ്വീകരിക്കാന്‍ ഈ 'മോദി' കാലത്ത് നല്ല പ്രയാസമുണ്ടെന്നും അദ്ദേഹം എഴുതി.ഇത് വെറും സാമ്പാറല്ല;ഒരു ജാതി സാമ്പാര്‍...

brahnin

ബ്രാഹ്മിന്‍സ് സാമ്പാര്‍ പൊടിയുടെ പേരുമാറ്റി 'വെറും' സാമ്പാര്‍ പൊടിയാക്കിയാലും ഉള്ളിലുള്ള സാധനം മാറുന്നില്ലല്ലോ? ഡികാസ്റ്റ് ചെയ്യപെട്ട ചില സവര്‍ണരെ പോലെ!! ഒരു പ്രമുഖ മസാലക്കമ്പനി തങ്ങളുടെ ഉല്‍പന്നത്തിന് ബ്രാഹ്മിന്‍ സാമ്പാര്‍ പൊടി എന്നു പേരു നല്‍കിയതിനെതിരേയാണ് അജയ്കുമാര്‍ എഴുതുന്നത്.
രഞ്ജിത് കല്യാണി പക്ഷേ, വിട്ടുകൊടുക്കാന്‍ തയ്യാറില്ല. സാമ്പാര്‍ ഒരു നമ്പൂതിരി വിഭവമാണോ എന്നാണ് അദ്ദേഹം ചോദിച്ചത്. 'ജാതിമത ഭേദമന്യേ ഉപയോഗിക്കപ്പെടുന്ന ഒന്നല്ലേ അത്? അത് ഡികാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലേ? 'ജാതിമത ഭേദമന്യേ ഒരു നമ്പൂതിരി/നായര്‍ വിഭവം ഉപയോഗിക്കുന്നതും ജാതി പ്രവര്‍ത്തനമല്ലേ എന്നായിരുന്നു അജയ്കുമാര്‍ തിരിച്ചുചോദിച്ചത്.
ഇതിലിടപെട്ടുകൊണ്ട് പ്രമോദ് ശങ്കരന്‍ എഴുതി: 'ആധുനിക കേരളത്തില്‍ ബ്രാഹ്മിന്‍, നമ്പൂതിരി, നായര്‍, മേനോന്‍ മുതലായ പദങ്ങള്‍ മനുഷ്യന്‍ എന്ന വാക്കിന്റെ പര്യായം പോലെ ലയിപ്പിച്ചു ചേര്‍ക്കാന്‍ നമ്മുടെ പുരോഗമനദ്രാവകത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈഴവന്‍, ആശാരി, കൊല്ലന്‍, പറയര്‍, പുലയര്‍ ഒക്കെ ജാതികളായി തന്നെ ഇപ്പോഴും അവശേഷിക്കുന്നു.
അതുകൊണ്ടാണ് നമ്പൂരിഹോട്ടല്‍, ബ്രാഹ്മിന്‍ സാമ്പാര്‍പൊടിയെന്നൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് അസ്വസ്ഥത തോന്നാത്തതും പുലയന്‍ എന്നോ പറയെനെന്നോ കേള്‍ക്കുമ്പോള്‍ നിങ്ങളിങ്ങനെ ജാതി പറയല്ലേയെന്ന് കഷ്ടം വയ്ക്കുന്നതും.
ഇതെല്ലാം ആണെങ്കിലും ഇപ്പോള്‍ പ്രമുഖ കറിപൗഡര്‍ ഉല്‍പാദകരും തങ്ങളുടെ സാമ്പാര്‍ പൊടിയുടെ പാക്കറ്റില്‍ നല്ല ഒന്നാന്തരം ബ്രാഹ്മിന്‍സ് സാമ്പാര്‍ പൊടി എന്ന് എഴുതിച്ചേര്‍ത്തത് എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും എന്നുതന്നെയാണ് ഈയുള്ളവളുടെ വിചാരം. യഥാര്‍ഥത്തില്‍ എല്ലാ കറിപ്പൊടികളും 'അസ്സല്‍ ബ്രാഹ്മിന്‍' എന്ന ടാഗോടെ വരണമെന്നാണ് ആഗ്രഹം. കാരണം നല്ല വിറ്റുവരവു കിട്ടും. ഹും എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാര്‍. ി

RELATED STORIES

Share it
Top