ബിബിന്‍ വധം: ഒരാള്‍കൂടി അറസ്റ്റില്‍

തിരൂര്‍: ഇസ്‌ലാം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയും ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷക് പ്രമുഖുമായിരുന്ന ആലത്തിയൂര്‍ കുണ്ടില്‍ ബിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാളെക്കൂടി തിരൂര്‍ പോലിസ് അറസ്റ്റു ചെയ്തു. ബിബിനെ വധിക്കാന്‍ നേതൃത്വം നല്‍കിയ പ്രതിയെയാണ് അറസ്റ്റിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു.
പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഉള്ളതിനാല്‍ പേരും വിലാസവും പുറത്തു വിട്ടിട്ടില്ല. അറസ്റ്റു ചെയ്ത പ്രതിയെ മുഖംമൂടി ധരിപ്പിച്ച് സംഭവം നടന്ന ബിപി അങ്ങാടി പുളിഞ്ചോട് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി കര്‍ണാടകയിലെ ഹൂഗ്ലിയില്‍ ഒളിവിലായിരുന്നു. പ്രതി ഹൂഗ്ലിയിലുണ്ടെന്ന വിവരമറിഞ്ഞ് പോലിസ് എത്തിയതിനെ തുടര്‍ന്ന് മലപ്പുറത്തേക്ക് മുങ്ങുകയും കഴിഞ്ഞ ദിവസം അരീക്കോട് ബസ് സ്റ്റാന്റില്‍ വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ പ്രതിയെ മുഖംമൂടി ധരിപ്പിച്ച് കൃത്യം നടന്ന ബിപി അങ്ങാടി പുളിഞ്ചോട് എത്തിച്ച് തെളിവെടുപ്പ് നടത്തി.
ബിബിനെ കൊലപ്പെടുത്തിയ രീതി പ്രതി പോലിസിന് വിവരിച്ചു നല്‍കി. തുടര്‍ന്ന് വധിക്കാന്‍ ഗൂഢാലോചന നടത്തിയ പൊന്നാനിയില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. തിരൂര്‍ സിഐ എംകെ ഷാജി, അഡീഷനല്‍ എസ് ഐ സുധീഷ് കുമാര്‍, എസ്‌ഐ സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
രാത്രി ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റു രേഖപ്പെടുത്തി. തിരൂര്‍ മജിസ്‌ടേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top