ബിജെപി ഹര്‍ത്താല്‍ ഭാഗികം; ചിലയിടങ്ങളില്‍ അക്രമം

വടകര: ബിജെപി വടകര മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. നഗരത്തില്‍ സ്വകാര്യ വാഹനങ്ങളും, ചില റൂട്ടുകളില്‍ ഓട്ടോ, ജീപ്പ് എന്നിവ സര്‍വീസ് നടത്തി. ദീര്‍ഘദൂര ബസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വടകരയില്‍ നിന്നും ഉള്‍നാടുകളിലേക്ക് പോകുന്ന ബസുകളില്‍ ചിലത് സര്‍വീസ് നടത്തിയെങ്കിലും ഹര്‍ത്താലനുകൂലികള്‍ തടയാനെത്തിയതോടെ സര്‍വ്വീസ് നിര്‍ത്തിവച്ചു.
പിന്നീട് ഉച്ചയ്ക്ക് ശേഷം സര്‍വീസ് ആരംഭിച്ചു. വടകരയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ സാധരണ പോലെ പ്രവര്‍ത്തിച്ചെങ്കിലും ഇന്‍ഷുറന്‍സ്, ബേങ്കിങ് മേഖല എന്നിവ സ്തംഭിച്ചു. രാവിലെ ഹര്‍ത്താലാനുകൂലികള്‍ ഈ സ്ഥാപനങ്ങളെല്ലാം തന്നെ പൂട്ടിക്കുകയായിരുന്നു.
ചില സര്‍ക്കാര്‍ ഓഫിസുകളിലും ബിജെപി പ്രവര്‍ത്തകര്‍ എത്തി പൂട്ടാന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ട്രഷറി പൂര്‍ണമായും അടഞ്ഞു. വിദ്യാലയങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. കണ്ണൂക്കരയില്‍ ദേശീയപാതയില്‍ ബസ് തടയാനെത്തിയ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് നീക്കി. ഹര്‍ത്താലില്‍ ആശുപത്രിയെ ഒഴിവാക്കിയിരുന്നെങ്കിലും പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന പല മെഡിക്കല്‍ ഷോപ്പുകളും ബിജെപി പ്രവര്‍ത്തകര്‍ എത്തി അടപ്പിച്ചു. അക്രമ സാധ്യത കണക്കിലെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
പഴയ ബസ്സ് സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് ബസ് തടയാനെത്തിയ ബിജെപി പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പരവന്തലയില്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതി ഓഫിസ് അക്രമികള്‍ കല്ലെറിഞ്ഞു തകര്‍ത്തു. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ഇന്നലെ രാവിലെ പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ഓഫിസ് തകര്‍ത്ത നിലയില്‍ കണ്ടത്. വടകര പോലിസ് സ്ഥലത്തെത്തി. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

RELATED STORIES

Share it
Top