ബിജെപി ഹര്‍ത്താലില്‍ പരക്കെ അക്രമം

വരാപ്പുഴ/തിരുവനന്തപുരം: വീട്കയറി ആക്രമണം നടത്തിയതിന് പോലിസുകാര്‍ കസ്റ്റഡിയിലെടുത്ത ദേവസ്വംപാടം ഷേണായ് പറമ്പുവീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്ത് (26) മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പറവൂര്‍ മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ ആക്രമം.
പറവൂരില്‍ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാ ഓഫിസില്‍ കയറി ജീവനക്കാരെയും വനിതാ കൗണ്‍സിലറെയും മര്‍ദിച്ചു. ഓഫിസിലെ കസേരകളെടുത്തെറിഞ്ഞു. കൗണ്‍സിലര്‍ അജിത ഗോപാലന്‍, ജീവനക്കാരായ സജയന്‍, അരുണ്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിലാക്കി. നഗരസഭാ ഓഫിസില്‍ കയറി വനിതാ കൗണ്‍സിലറെയും ജീവനക്കാരെയും ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിച്ചതിനുമെതിരേ  നഗരസഭാ ചെയര്‍മാന്‍ പോലിസില്‍ പരാതി നല്‍കി.
പറവൂരില്‍ കാറില്‍ സഞ്ചരിച്ച രോഗിയെ കാറില്‍ നിന്നു പിടിച്ചിറക്കി മര്‍ദിച്ചു. വരാപ്പുഴ യില്‍ ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ പ്രര്‍ത്തകര്‍ റോഡില്‍ തടഞ്ഞിട്ടു. സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയെങ്കിലും പല സ്ഥലങ്ങളിലും തടഞ്ഞിട്ടു. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പോയ യുവാവിനെ ഹര്‍ത്താലനുകൂലികള്‍ ക്രൂരമായി മര്‍ദിച്ചു.
വരാപ്പുഴ വഴിയുള്ള വാഹനങ്ങള്‍ കൂനമ്മാവ് കൊങ്ങോര്‍പ്പിള്ളി വഴി പോലിസ് തിരിച്ചുവിട്ടു. കോളജില്‍ പരീക്ഷയ്ക്കായി പോയ ബസ്സിലെ വിദ്യാര്‍ഥിനികളോടും ഹര്‍ത്താലനുകൂലികള്‍ മോശമായി പെരുമാറി. വരാപ്പുഴയില്‍ വാഗണര്‍ കാര്‍ സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. യാത്രക്കാര്‍ക്കും ബിജെപി പ്രവര്‍ത്തകനും പരിക്കേറ്റു. കാറിന്റെ പിന്‍വശത്തെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. വരാപ്പുഴയില്‍ അങ്കമാലി സിഐ മുഹമ്മദ് റിയാസ്, ആലങ്ങാട് എസ്‌ഐ എ അനില്‍കുമാര്‍, മുനമ്പം എസ്‌ഐ ടി വി ഷിബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലിസുകാര്‍ എത്തിയാണ് ഇരുചക്രവാഹനങ്ങള്‍ കടത്തിവിട്ടത്. വരാപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ എ സന്തോഷ്, എം ജി ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹൈവേ ഉപരോധിച്ചത്. ഉപരോധ സമരത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ കെ മോഹന്‍ദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍ വി ബാബു അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കീഴിലെ പോലിസ് നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് പറവൂരിലും, വരാപ്പുഴയിലും പ്രകടനം നടത്തി. യുഡിഎഫ് വരാപ്പുഴ പോലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. വി ഡി സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പോലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ബാരിക്കേഡുകള്‍ ഉപയോഗിച്ച് പോലിസ് തടഞ്ഞു.
അതേസമയം, പോലിസ് സ്‌റ്റേഷനുകളില്‍ മൂന്നാംമുറ വ്യാപകമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശ്രീജിത്തിന്റെ മരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മൂന്നാംമുറ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിക്കടി അവകാശപ്പെടാറുണ്ട്. എന്നാല്‍ നിരപരാധികളെപ്പോലും കേസില്‍ പെടുത്തി സ്‌റ്റേഷനിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ടെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top