ബിജെപി സംസ്ഥാന അധ്യക്ഷന്‍: അമിത് ഷാ കേരളത്തിലേക്ക്

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനു ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കും.കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവുവാണ് ഇക്കാര്യം അറിയിച്ചത്.പാര്‍ട്ടിയെ പൊതു തിരഞ്ഞെടുപ്പിനു സജ്ജമാക്കാനുള്ള തന്ത്രങ്ങളൊരുക്കാനാണ് ജൂലൈ മൂന്നിനു അമിത് ഷാ വരുന്നത്.
കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റ് പദവി ഒഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താനാവാതെ ബിജെപി നേതൃത്വം കുഴഞ്ഞിരിക്കുകയാണ്.അധ്യക്ഷനെച്ചൊല്ലി പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ നിലനില്‍ക്കുന്ന കനത്ത വിഭാഗീയത പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം  ഇടപെട്ടിട്ടും ഫലം ഉണ്ടായിട്ടില്ല. ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ കൂടി ലക്ഷ്യമിട്ടു ചെങ്ങന്നൂരില്‍ ഇന്നലെ ചേര്‍ന്ന ദേശീയ പ്രതിനിധികളുടെ യോഗവും തര്‍ക്കങ്ങളില്‍ അവസാനിച്ചു. അതിനിടെ പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍ ഇടപെടാനാവില്ലെന്ന ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും ബിജെപിക്ക് തിരിച്ചടിയായി. കുമ്മനത്തിന്റെ പിന്‍ഗാമിയെച്ചൊല്ലി കൃഷ്ണദാസ്, മുരളീധര വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിലാണ്. സമവായ സാധ്യത തേടി കേന്ദ്രപ്രതിനിധികളായ എച്ച് രാജയും നളിന്‍കുമാര്‍ കട്ടീലും നിരവധി തവണ നേതൃയോഗങ്ങള്‍ വിളിച്ചു ചേര്‍ത്തെങ്കിലും എങ്ങുമെത്തിയില്ല. കുമ്മനം രാജശേഖരനെ നിയമിച്ച മാതൃകയില്‍ ആര്‍എസ്എസ് നേതൃനിരയില്‍ നിന്നും ഒരാളെ എത്തിച്ച് പ്രശ്‌നപരിഹാരത്തിനുള്ള നീക്കമുണ്ടായെങ്കിലും സംഘത്തിന്റെ നിസ്സഹകരണം ആ വഴിയും അടച്ചു. ഇതിനു പിന്നാലെയാണ് അധ്യക്ഷനെ കേന്ദ്രം തീരുമാനിക്കട്ടെ എന്ന നിലപാടില്‍ സംസ്ഥാന നേതൃത്വം എത്തിയത്.തൃശൂരില്‍ നടന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ കേന്ദ്ര പ്രതിനിധികളായ എച്ച് രാജ കെ സുരേന്ദ്രന്റെ പേര് ഉയര്‍ത്തിയിരുന്നു. എന്നാല്‍ സുരേന്ദ്രനോടുള്ള സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിനുള്ള അതൃപ്തി മുന്‍നിര്‍ത്തി കൃഷ്ണദാസ് പക്ഷം അതിനു വിലങ്ങിട്ടു. ഇന്നലെ ചെങ്ങന്നൂരില്‍ ദേശീയ സഹസംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷിന്റെ സാന്നിധ്യത്തില്‍ നടന്ന കേന്ദ്രനേതൃതല യോഗത്തിലും വിഷയം എങ്ങുമെത്തിയില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, വി മുരളീധരന്‍ എംപി എന്നിവരെ യോഗത്തിലേക്കു വിളിപ്പിച്ചിരുന്നു. അധ്യക്ഷന്റെ കാര്യത്തില്‍ സമവായം സാധ്യമല്ലെന്നു വന്നതോടെ വിഷയം മാറ്റിവച്ച് മറ്റ് അജണ്ടകളിലേക്ക് യോഗം കടക്കുകയായിരുന്നു. എം ടി രമേശിനെ അധ്യക്ഷനാക്കണമെന്നാണു കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം. വി മുരളീധരന് എംപി സ്ഥാനം നല്‍കിയതിനാല്‍ അധ്യക്ഷ പദവിക്കായി ഉറച്ചുനില്‍ക്കുകയാണു കൃഷ്ണദാസ് വിഭാഗം. താല്‍ക്കാലിക പ്രസിഡന്റ് എന്ന ആശയം യോഗത്തില്‍ ഉയര്‍ന്നെങ്കിലും കേന്ദ്രനേതൃത്വം അംഗീകരിച്ചില്ല. സമവായത്തിലൂടെ ഒരാളെ കണ്ടെത്തുകയാണ് അമിത് ഷായുടെ കര്‍ശന നിര്‍ദേശം. മെഡിക്കല്‍ കോഴ വിവാദത്തിലൂടെയുണ്ടായ പ്രതിച്ഛായ നഷ്ടവും എന്‍ഡിഎയ്ക്കുള്ളിലെ പ്രശ്‌നങ്ങളും പാര്‍ട്ടിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെ നായകന്‍ തന്നെ ഇല്ലാത്ത അവസ്ഥയാണ് ബിജെപിക്ക്. അതിനൊപ്പം ആര്‍എസ്എസില്‍ നിന്നുള്ള നിസ്സഹകരണവും. സംഘത്തിന്റെ അനുമതി തേടാതെ കുമ്മനത്തെ അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കിയതാണു നേതൃത്വത്തെ ചൊടിപ്പിച്ചത്. വിഷയത്തില്‍ ഒരു തരത്തിലും ഇടപെടാന്‍ തങ്ങളില്ലെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല, ബിജെപി സംസ്ഥാന ഘടകത്തിന്റെ സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി എം ഗണേശന്‍, കെ സുഭാഷ് എന്നിവരെ തിരിച്ചുവിളിക്കാനും നീക്കമുണ്ട്. ആറന്‍മുളയില്‍ നടക്കാനിരിക്കുന്ന സംഘത്തിന്റെ വാര്‍ഷിക ബൈഠക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സംഘത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബിജെപിയുടെ കാര്യത്തില്‍ ഇടപെടില്ലെന്ന സന്ദേശമാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്.

RELATED STORIES

Share it
Top