ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് മാറ്റി; അമിത്ഷാ പ്രസിഡന്റായി തുടരും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ധാരണയായി. ജനുവരിയില്‍ കാലാവധി അവസാനിക്കുന്ന അമിത്ഷാക്ക് അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അവസരം ഒരുക്കാനാണ് ഇത്തരമൊരു തീരുമാനം. അമിത്ഷായുടെ നേതൃത്വത്തില്‍ 2019ലെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 2019ലെ തിരഞ്ഞെടുപ്പില്‍ 2014നേക്കാള്‍ വലിയ വിജയം നേടുമെന്ന് അമിത്ഷാ അവകാശപ്പെട്ടു. 'നഗര നക്‌സലുകള്‍'ക്കെതിരേ നടപടിയെടുത്ത മഹാരാഷ്ട്ര സര്‍ക്കാരിനെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും അമിത്ഷാ അഭിനന്ദിച്ചു. ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രത്തില്‍ ആരംഭിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേക്ക് ഇന്‍ ഇന്ത്യയുമായി കേന്ദ്രസര്‍ക്കാര്‍ പോകുമ്പോള്‍ ബ്രേക്കിങ് ഇന്ത്യയുമായാണ് കോണ്‍ഗ്രസ്സിന്റെ ചങ്ങാത്തമെന്ന് അദ്ദേഹം പറഞ്ഞു. എല്‍ കെ അഡ്വാനി, അരുണ്‍ ജയ്റ്റ്‌ലി എന്നിവരും യോഗത്തില്‍ സംസാരിച്ചു. ഡിസംബറിനു മുമ്പായി രാജ്യത്തുടനീളം ആയിരം റാലികള്‍ നടത്തും. അജയ്യ ബിജെപി എന്ന മുദ്രാവാക്യം ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കുന്ന നിര്‍വാഹക സമിതി യോഗത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, പി എസ് ശ്രീധരന്‍പിള്ള, ഒ രാജഗോപാല്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എം ഗണേശന്‍, കെ സുഭാഷ് എന്നിവര്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.

RELATED STORIES

Share it
Top