ബിജെപി മാര്‍ച്ച് നടത്തേണ്ടത് ഡല്‍ഹിയിലേക്കെന്ന് പി ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ ബിജെപി മാര്‍ച്ച് നടത്തേണ്ടത് ഡല്‍ഹിയിലേക്കാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ദേശീയപാത അതോറിറ്റി ഓഫിസിലേക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയുടെയും ഓഫിസുകളിലേക്കാണ് വിമാനം കയറേണ്ടത്. കര്‍ഷകരക്ഷാ മാര്‍ച്ച് നടത്താന്‍ ബിജെപിക്ക് ധാര്‍മികാവകാശമില്ല. മോദി അധികാരത്തിലെത്തിയ ശേഷം 40000ത്തിലേറെ കര്‍ഷകരാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജീവനൊടുക്കിയത്. മാര്‍ച്ച് നയിച്ച ബിജെപി ദേശീയ സെക്രട്ടറി കൃഷ്ണദാസാണ് നേരത്തേ കണ്ണൂര്‍ ബൈപാസിന്റെ അലൈന്‍മെന്റ് വയല്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയത്. ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. സമരത്തിന് അധികം ആയുസ്സില്ലെന്ന് വ്യക്തമായി. വയല്‍ക്കിളികള്‍ ബിജെപി വലയത്തിലാണ്. ഇതില്‍നിന്നു പിന്‍മാറിയാല്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കാന്‍ തയ്യാറാണ്. ബിജെപി റാഞ്ചിയത് മനസ്സിലാക്കി മുന്‍ നിലപാടില്‍ നിന്നു സിപിഐ പിന്‍മാറിയിട്ടുണ്ട്. കോണ്‍ഗ്രസിലെ വി എം സുധീരന്‍ മാത്രമാണ് പങ്കെടുത്തത്. പിന്തുണക്കാനില്ലെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്്‌ലിംലീഗും വിഷയത്തില്‍ കാപട്യം കാണിക്കുകയാണ്. വരുംദിവസങ്ങളിലും കൂടുതല്‍ പേര്‍ പിന്‍മാറുന്നതോടെ സമരക്കാര്‍ കൂടുതല്‍ ഒറ്റപ്പെടുമെന്നും ജയരാജന്‍ പറഞ്ഞു.

RELATED STORIES

Share it
Top