ബിജെപി ഭരണത്തിന്‍കീഴില്‍ പ്രവീണ്‍ തൊഗാഡിയയ്ക്കും രക്ഷയില്ല: പന്ന്യന്‍ രവീന്ദ്രന്‍

പാലാ: ബിജെപി നയത്തിനെതിരേ പ്രതികരിക്കുന്നവരെ ഇല്ലായ്മ ചെയ്യുകയോ രാജ്യദ്രോഹികളാക്കുകയോ ചെയ്യുന്ന ബിജെപി ഭരണത്തിന്‍കീഴില്‍ ആര്‍എസ്എസിന്റെ ദേശീയ നേതാവ് പ്രവീണ്‍ തൊഗാഡിയക്കും രക്ഷയില്ലെന്നു സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പി എസ് പരമേശ്വരന്‍ നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ജനങ്ങളെ വഞ്ചിച്ച് കോര്‍പറേറ്റുകള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുകയാണ് ബിജെപി സര്‍ക്കാര്‍. ബിജെപിയുടെ വര്‍ഗീയ ഫാഷിസത്തിനെതിരെയും അഴിമതിക്കെതിരെയും രാജ്യത്ത് മതനിരപേക്ഷ ഇടതുപക്ഷ ബദല്‍ ഉയര്‍ന്നുവരേണ്ടതാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഐ നേതൃത്വം നല്‍കുമെന്നും പന്ന്യന്‍ പറഞ്ഞു.
രാജ്യം നേരിടുന്ന ആപത്തിനെ മുന്നില്‍ കാണാതെ മുരട്ടു ന്യായങ്ങള്‍ പറഞ്ഞ് ചിലര്‍ തടസ്സം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മീനച്ചില്‍ താലൂക്ക് ചെത്തുതൊഴിലാളി യൂനിയന്‍ പ്രസിഡന്റ് കെ വി കൈപ്പള്ളി അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണവും സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അനുസ്മരണ പ്രഭാഷണവും നടത്തി.

RELATED STORIES

Share it
Top