ബിജെപി ഭരണത്തിനെതിരേ അവിശ്വാസവുമായി യുഡിഎഫ്

പാലക്കാട്: നഗരസഭയിലെ ബിജെപി ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. ഘട്ടം ഘട്ടമായി അവിശ്വാസ പ്രമേയത്തിനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ നിന്നു രാജിവയ്ക്കുമെന്നും തുടര്‍ന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനും മുസ്‌ലിം ലീഗ് നേതാവ് എം എം ഹമീദും അറിയിച്ചു.
അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള മൂന്നിലൊന്ന് അംഗസംഖ്യയായ 18 പേരില്‍ ഒരാളുടെ കുറവുള്ളതിനാല്‍, ഇക്കാര്യത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുന്ന സിപിഎമ്മിന്റെ നിലപാട് അറിയാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും ക്രമക്കേടുകളും നിറഞ്ഞ നഗരസഭാ ഭരണത്തിനെതിരായ പോരാട്ടത്തിനാണ് യുഡിഎഫ് തുടക്കം കുറിച്ചിരിക്കുന്നതെന്നും നേതാക്കള്‍ അറിയിച്ചു. നഗരസഭയുടെ കഴിഞ്ഞ മൂന്ന് ബജറ്റുകളും ജനങ്ങളെ വാഗ്ദാനം മാത്രം നല്‍കി വഞ്ചിക്കുന്നതാണ്. കോടികണക്കിന് രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കാതെ പോകുന്നത്. അഴിമതി ഭരണവുമായി മുന്നോട്ടു പോകുന്ന നഗരസഭയ്‌ക്കെതിരെ നിരവധി പരാതികള്‍ കൊടുത്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് ഇന്ന് യുഡിഎഫ് അംഗങ്ങള്‍ രാജിവയ്ക്കുമെന്ന് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. നഗരസഭയിലെ 52 അംഗങ്ങളില്‍ ബിജെപിക്ക് 24, യുഡിഎഫിന് 18, എല്‍ഡിഎഫ് 9, വെല്‍ഫെയര്‍ പാര്‍ട്ടി ഒന്ന് എന്നിങ്ങനെയാണ് അംഗബലം. മുസ്‌ലിം ലീഗ് വിമതനായി ജയിച്ച്, പിന്നീട് യുഡിഎഫുമായി സഹകരിച്ചിരുന്ന അംഗത്തെ പരാതിയെ തുടര്‍ന്ന് കോടതി അയോഗ്യനായി പ്രഖ്യാപിച്ചു. യുഡിഎഫിന് അതിനാല്‍ മുന്നിലൊന്ന് അംഗസംഖ്യയായ 18ല്‍ ഒരംഗത്തിന്റെ കുറവുണ്ട്.

RELATED STORIES

Share it
Top