ബിജെപി ഭരണം അവസാനിപ്പിക്കാന്‍ ആരെയും പിന്തുണയ്ക്കും: മുസ്‌ലിംലീഗ്

പാലക്കാട്: പാലക്കാട് നഗരസഭയിലെ ബിജെപി നേതൃത്വത്തിലുള്ള ജനവിരുദ്ധ ഭരണം അവസാനിപ്പിക്കാന്‍ ആര് മുന്‍കൈ എടുത്താലും മുസ്‌ലിം ലീഗ് പൂര്‍ണമായി സഹകരിക്കുമെന്ന് ജില്ലാ പ്രവര്‍ത്തകസമിതി യോഗം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ്പ്രസിഡന്റ് സിഎഎംഎ കരീം ഉദ്ഘാടനം ചെയ്തു. ബിജെപി ദുര്‍ഭരണം പാലക്കാട് മുനിസിപ്പാലിറ്റിയില്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ സിപിഎം അടക്കമുള്ള കക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അഴിമതിയില്‍ മുങ്ങിയ ഭരണത്തില്‍ നഗരവികസനം പാടെ മുരടിച്ചിരിക്കുകയാണ്. ബിജെപിയില്‍ ഉടലെടുത്ത ഗ്രൂപിസവും സ്വജനപക്ഷപാതവും ചില വ്യക്തികളുടെ ഏകാധിപത്യ ഭരണത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും മികച്ച നഗരസഭയായി ഉയര്‍ന്നുവന്നിരുന്ന പാലക്കാടിന്റെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
് ജില്ലാ നിരീക്ഷകനായ സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മെയ് ഒന്നു മുതല്‍ 5വരെ നടക്കുന്ന ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് സമ്പൂര്‍ണ സമ്മേളനം വിജയിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.
ദലിത്-ന്യൂനപക്ഷ വേട്ടക്കെതിരെ 22ന് ദലിത്‌ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കലക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കും. ജില്ലാ ജനറല്‍സെക്രട്ടറി മരക്കാര്‍ മാരായമംഗലം, ട്രഷറര്‍ പി എ തങ്ങള്‍ സംസാരിച്ചു.

RELATED STORIES

Share it
Top