ബിജെപി പ്രവര്‍ത്തകരടക്കം ഏഴ് പേര്‍ അറസ്റ്റില്‍

മാള: പൂപ്പത്തിയില്‍ ദേശവിളക്കിനിടെ യുവാവിനെ സംഘംചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകരടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തു. പൂപ്പത്തി സ്വദേശികളായ കോട്ടപ്പുറത്ത് രംഭ കണ്ണന്‍ എന്ന വിഷ്ണു (21), തിണ്ടുമ്മേല്‍ അഖില്‍ (22), ചെരിയംപറമ്പില്‍ അച്യുതന്‍ എന്ന മഹേഷ് (21), ചക്കമ്മാത്ത് സിബിന്‍ (21), പുളിക്കല്‍ രാഖിത്ത് (23), പൊന്നത്തും കുടി ഹരി (20), പുളിപ്പറമ്പ് സ്വദേശി ചെന്തുരുത്തി വൈശാഖ് (21) എന്നിവരാണ് അറസ്റ്റിലായത്. ദേശവിളക്കിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ് ചികില്‍സയിലിരിക്കേയാണ് പൂപ്പത്തി സ്വദേശി ദിനേശന്‍ മരിച്ചത്. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ഏഴ് പ്രതികളെ മാള പോലിസ് വിവിധയിടങ്ങളില്‍ നിന്നായാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം. പൂപ്പത്തിയില്‍ നടന്ന ദേശവിളക്കിനിടെ സിപിഐ പ്രവര്‍ത്തകനായ ദിനേഷിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. നാഭിയിലടക്കമേറ്റ ക്രൂരമായ മര്‍ദനംമൂലമുള്ള ആന്തരിക രക്തസ്രാവമാണ് യുവാവിന്റെ മരണകാരണം. ബിജെപിയാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്നുതന്നെ സിപിഐ നേതാക്കള്‍ ആരോപിച്ചിരുന്നു. ഒളിവിലായിരുന്ന പ്രതികളെ ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നായാണു പിടികൂടിയത്. പ്രതികള്‍ മദ്യത്തിനും കഞ്ചാവിനും അടിമകളായിരുന്നെന്ന് പോലിസ് പറഞ്ഞു. മരണമൊഴി രേഖപ്പെടുത്താന്‍ പോലിസിന് അവസരം ലഭിച്ചിരുന്നില്ല. ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top