ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ വീണ്ടും ബോംബേറ്‌

വടകര : ഏറെ കാലത്തെ സമാധാനന്തരീക്ഷത്തിന് ശേഷം വടകരയില്‍ വീണ്ടും ബോംബ് രാഷ്ട്രീയം പിടിമുറുക്കുന്നു. ഇന്നലെ വീണ്ടും ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് നടന്നു. ചോളംവയല്‍ ഏറംവള്ളിത്താഴകുനി ശ്രീജേഷ്(മണി)ന്റെ വീടിന് നേരെയാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ സ്റ്റീല്‍ ബോംബ് എറിഞ്ഞത്. അക്രമത്തില്‍ വീടിന്റെ ജനല്‍ ഉള്‍പ്പടെ തകര്‍ന്നു. ബിജെപി ടൗണ്‍ കമ്മിറ്റി വൈസ് പ്രസിഡന്റാണ് മണി. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ ആളപായം ഒഴിവായി.
അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. ബോംബേറ് നടന്ന മണിയുടെ വീട് പോലീസും, ബോംബ് സ്‌ക്വാഡും സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നഗരത്തില്‍ പ്രകടനം നടത്തി. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഇന്നലെ അടക്കമുള്ള സംഭവത്തോടെ മൂന്നാമത്തെ ബോംബേറാണ് വടകരയില്‍ നടന്നിരിക്കുന്നത്. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അറക്കിലാടും, അടക്കാതെരുവിലും സിപിഎം-ബിജെപി നേതാക്കളുടെ വീടിന് നേരെയും ബോംബേറ് നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ നടന്ന ബോംബേറും.
മുമ്പ് നടന്ന രണ്ട് സംഭവങ്ങളിലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. രാത്രികാലങ്ങളില്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്നതിന് വേണ്ടി ബോംബ് രാഷ്ട്രീയം നടത്തുന്ന രാഷ്ട്രീയ അക്രമികളുടെ പ്രവൃത്തികള്‍ നാട്ടുകാരുടെ സമാധാനം ഇല്ലാതാക്കുകകായണ്.
രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിങ്ങ് ഈ ഭാഗങ്ങളില്‍ ശക്തമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അതേസമയം ഇന്നലെ നഗരത്തിലെ പ്രതിഷേധ പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. ചോറോട് ഗ്രാമപഞ്ചായത്തംഗം ശ്യാംരാജ്, അറക്കിലാട് സ്വദേശി വൈശാഖ്, പരവന്തല സ്വദേശി അമല്‍കാന്ത് എന്നിവര്‍ക്കാണ് ലിങ്ക് റോഡില്‍ വച്ച് മര്‍ദ്ദനമേറ്റത്. ഇവരെ അക്രമിച്ചതും സിപിഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപി നേതൃത്വം ആരോപിച്ചു.

RELATED STORIES

Share it
Top