ബിജെപിയെ പിടിച്ചുകെട്ടാന്‍ കര്‍ണാടക മോഡല്‍ മറ്റിടങ്ങളിലും നടപ്പാക്കാനൊരുങ്ങി കോണ്‍ഗ്രസ്ബെംഗളൂരു : ബിജെപിയെ പിടിച്ചുകെട്ടാന്‍ കര്‍ണാടക മോഡല്‍ സഖ്യം മറ്റിടങ്ങളിലും രൂപീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. 2019ല്‍  അധികാരമല്ല, ബിജെപിയെ മാറ്റിനിര്‍ത്തലാകും പ്രധാനലക്ഷ്യമെന്നും ഇതിനായി കര്‍ണാടക മോഡല്‍ സഖ്യം മറ്റിടങ്ങളിലും രൂപീകരിക്കുമെന്നും എഐസിസി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. കര്‍ണാടകയില്‍ സ്വീകരിച്ചതു പോലെ വിട്ടുവീഴ്ചാ മനോഭാവത്തോടെ മറ്റു രാഷ്ട്രീയകക്ഷികളുമായി കൈകോര്‍ക്കുവാനാണ് പദ്ധതി . പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും കര്‍ണാടകയിലെ ഭരണമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ബിജെപിക്ക് ഏറെ വെല്ലുവിളിയുയര്‍ത്തുന്ന നിര്‍ണായകമായ നിലപാടാണിത്.
കര്‍ണാടകത്തില്‍ പോളിങ് മാറ്റിവെച്ച രണ്ടു നിയമസഭാ മണ്ഡലങ്ങളിലും കുമാരസ്വാമി ജയിച്ച രണ്ടു മണ്ഡലങ്ങളില്‍ ഒന്നിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും പുതിയ നിലപാട് നിര്‍ണായകമാകും. പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്തതിനെത്തുടര്‍ന്നു മാറ്റിവച്ച രാജരാജേശ്വരി നഗര്‍ തിരഞ്ഞെടുപ്പ് 28നും ബിജെപി സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്നു മാറ്റിവച്ച ജയനഗര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ 11നുമാണ് നടക്കുക. ഇതില്‍ രാജരാജേശ്വരി കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു. ജയനഗറാകട്ടെ  10 വര്‍ഷമായി ബിജെപിയുടെ സിറ്റിങ് സീറ്റാണ്. ഇവിടെയാണ് കോണ്‍ഗ്രസ്-ദള്‍ സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളിയാവുക. കഴിഞ്ഞ തവണ 12,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേടിയ ഈ സീറ്റ് നഷ്ടപ്പെടുന്നത് ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കുക തന്നെ ചെയ്യും.

RELATED STORIES

Share it
Top