ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്‌

നാദാപുരം: സിപിഎം ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക്  നേരെ ബോംബേറുണ്ടായ വളയത്ത് വീണ്ടും ബോംബേറ്. ബിജെപി  വളയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുളങ്ങരത്ത് നാണുവിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.വീടിന്റെ ടെറസിനോട് ചേര്‍ന്ന ടിന്‍ ഷീറ്റിന്റെ പാത്തിയില്‍ പൊട്ടാതെ കിടന്ന ബോംബ് പോലീസെത്തി കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടുകാരാണ് ബോംബ് ആദ്യം കണ്ടത്.
വീടിന്റെ ടെറസ്സില്‍ കണ്ട മരപ്പട്ടിയെ താഴെയിറക്കാന്‍ മുകള്‍ നിലയില്‍ കയറിയപ്പോഴാണ് വീടിന്റെ കാര്‍പോര്‍ച്ചിന് മുകളിലെ വെള്ളമൊഴുകുന്ന പാത്തിയില്‍ കുടുങ്ങി കിടക്കുന്ന നിലയില്‍ ബോംബ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ വളയം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് വളയം എസ്‌ഐ  പി എല്‍ ബിനുലാലിന്റെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബോംബ് സ്‌ക്വാഡ് എഎസ്‌ഐ എം എം ഭാസ്‌ക്കരന്റെ നേതൃത്വത്തിലെത്തിയ സംഘം കസ്റ്റഡിയിലെടുത്ത ബോംബ് ചേലക്കാട് ക്വാറിയില്‍ നിര്‍വ്വീര്യമാക്കി.ഉഗ്ര സ്‌ഫോടന ശേഷിയുള്ളതും,പുതുതായി നിര്‍മ്മിച്ചതുമാണെന്ന് പോലീസ് പറഞ്ഞു.വീടിന്റെ മുന്‍ വശം റോഡില്‍ നിന്ന് വീടിന് നേരെ എറിഞ്ഞ ബോംബ് പൊട്ടാതിരുന്നതാണെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞയാഴ്ച ചെക്കോറ്റ മേഖലയില്‍ സിപിഎം ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായിരുന്നു.വീടിന് നേരെ എറിഞ്ഞ ബോംബ് പൊട്ടാതെ കിടന്നതാണെന്നും സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും ബിജെപി  വളയം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top