ബിജെപി നേതാക്കളായ സഹോദരങ്ങളുടെ വീട്ടില്‍ കള്ളനോട്ടടി കേന്ദ്രംകൊടുങ്ങല്ലൂര്‍: ബിജെപി നേതാക്കളായ സഹോദരങ്ങളുടെ വീട്ടില്‍ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. ഒന്നരലക്ഷത്തിന്റെ കള്ളനോട്ടും നോട്ടടിക്കാനുള്ള യന്ത്രവും പിടികൂടി. സംഭവത്തില്‍ ഒബിസി മോര്‍ച്ച നേതാവ് മതിലകം പോലിസ് കസ്റ്റഡിയില്‍. ശ്രീനാരായണപുരം പഞ്ചായത്തിലെ അഞ്ചാംപരത്തിയില്‍ താമസിക്കുന്ന എരാശ്ശേരി രാജീവിനെയാണ് ഒന്നര ലക്ഷം കള്ളനോട്ടുമായി കസ്റ്റഡിയിലെടുത്തത്. കയ്പമംഗലം നിയോജകമണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറിയായ രാജീവും സഹോദരന്‍ ശ്രീനാരായണപുരം പഞ്ചായത്ത് ബിജെപി സെക്രട്ടറിയായ രാഗേഷും ചേര്‍ന്നാണ് കള്ളനോട്ട് അടിച്ച് പെട്രോള്‍ പമ്പുകളിലും ബാങ്കുകളിലും വിതരണം നടത്തിയിരുന്നത്. രാഗേഷ് ഒളിവിലാണ്. കള്ളനോട്ട് സംബന്ധിച്ച് ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. ഇവരുടെ വീട്ടിലെ മുകളിലത്തെ നിലയില്‍ നിന്നാണ് നോട്ട് അടിക്കുന്ന യന്ത്രവും കംപ്യൂട്ടറുകളും നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും പോലിസ് പിടിച്ചെടുത്തത്. 2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകളടങ്ങിയ ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് വീട്ടില്‍നിന്നും പിടിച്ചത്. നോട്ട് പിന്‍വലിക്കലിന് ശേഷമിറക്കിയ പുതിയ നോട്ടുകളുടെ വ്യാജന്‍ അടിക്കാനുള്ള വിപുലമായ സംവിധാനമാണ് പോലിസ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് പോലിസും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. മതിലകം എസ്‌ഐയുടെ നേതൃത്വത്തില്‍ ഓപറേഷന്‍ കുബേരയുടെ ഭാഗമായാണ് റെയ്ഡ്.

RELATED STORIES

Share it
Top