ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് കെട്ടിടം ഒഴിഞ്ഞുതരുന്നില്ലെന്ന് പരാതി ; വനിതാ കമ്മീഷനു മുമ്പാകെയെത്തിയത് വയോധികകണ്ണൂര്‍: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബിജെപി  കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് ഒഴിഞ്ഞുതരുന്നില്ലെന്ന പരാതിയുമായി വയോധിക വനിതാകമ്മീഷനു മുന്നിലെത്തി. 15 വര്‍ഷം മുമ്പ് വിനോദന്‍ എന്നയാള്‍ക്ക് അയാളുടെ ഓഫിസ് ആവശ്യത്തിനായാണു രണ്ട് നിലയുള്ള വീട് വാടകയ്ക്കു കൊടുത്തത്. 6,500 രൂപ മാസവാടക നിശ്ചയിക്കുകയും ചെയ്തു. മകനോടൊപ്പം ആഫ്രിക്കയില്‍ താമസിച്ച് വരികയായിരുന്ന ഭര്‍ത്താവ് മരണപ്പെട്ട 80കാരിക്കു ഇനിയുള്ള കാലം സ്വന്തം വീട്ടില്‍ താമസിക്കണമെന്ന ആഗ്രഹത്തിലാണ് രണ്ടുവര്‍ഷം മുമ്പ് വീട് ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പല കാരണങ്ങളും പറഞ്ഞ് വീടൊഴിയുന്നില്ലെന്നാണു പരാതി. 15 വര്‍ഷമായി വാടക വര്‍ധിപ്പിച്ചിരുന്നില്ല. തുടക്കത്തില്‍   കൃത്യമായി വാടക ഏല്‍പ്പിച്ചിരുന്നുവെങ്കിലും രണ്ട് വര്‍ഷത്തിലധികമായി വാടകയും ലഭിക്കുന്നില്ല. പ്രായാധിക്യം കാരണം ഇനി നാട്ടിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കണമെന്നാണ് വൃദ്ധയുടെ ആവശ്യം. വനിതാകമ്മീഷനില്‍ പരാതി നല്‍കിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. കഴിഞ്ഞ രണ്ട് സിറ്റിങിലും വിനോദന്‍ ഹാജരായിരുന്നില്ല. അതിന് മുമ്പ് നടന്ന സിറ്റിങില്‍ ആറ് മാസം കൊണ്ട് വീട് ഒഴിയുമെന്ന് വാക്ക് നല്‍കിയിരുന്നെങ്കിലും അതും പാലിച്ചില്ല. നിലവില്‍ വീടിന്റെ അവസ്ഥ വളരെ ദയനീയമാണ്. പാര്‍ട്ടിയുടെ കൊടികളും മറ്റ് സാധനങ്ങള്‍ കൊണ്ടും മുറികള്‍ നിറയ്ക്കുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. മുകളിലുള്ള നിലയുടെ അസ്ഥ ഇതിലേറെ ദയനീയമാണ്. ഇതിനൊന്നും നഷ്ടപരിഹാരമോ വാടകയോ തന്നില്ലെങ്കില്‍ പോലും വീടൊഴിഞ്ഞുതരണമെന്നാണ് വയോധികയുടെ ആവശ്യം.

RELATED STORIES

Share it
Top