ബിജെപി ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ കുഴിച്ചു മൂടുന്നു: ചെന്നിത്തല

വടകര: ഗാന്ധിയുടെ ഘാതകരായ സംഘ് പരിവാര്‍ ബിജെപിയും ചേര്‍ന്ന് രാജ്യത്ത് ഗാന്ധിയന്‍ ആദര്‍ശങ്ങളെ കൊന്ന് കുഴിച്ചു മൂടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാമസേനയുടെ പ്രത്യേക വിമാനത്തിലിരുന്ന് ഉപവസിക്കുകയും, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രണ്ട് മണിക്കൂര്‍ ഉപവാസം കര്‍ണ്ണാടകത്തില്‍ നടത്തിയതിനേയും ചെന്നിത്തല പരിഹസിച്ചു. യൂത്ത്  കോണ്‍ഗ്രസ്സ് വടകര പാര്‍ലമെന്റ് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന റാലിക്ക് സമാപനം കുറിച്ച് കൊണ്ട് നടന്ന പൊതു സമ്മേളനം ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
രാജ്യത്ത് ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി വിമാനത്തിലിരുന്ന് ഉപവസിക്കുന്നത്. ഗാന്ധിയന്‍ സമര മുറയായ ഉപവാസത്തെ അവഹേളിക്കുകയാണ് പ്രധാനമന്ത്രിയും, സംഘ് പരിവാര്‍ ശക്തികളും നടത്തുന്നത്. നരേന്ദ്രമോദി പാര്‍ലമെന്റ് യോഗങ്ങളില്‍ ഇരിക്കാതെ ഊരു ചുറ്റുകയാണ്.
പാര്‍ലമെന്റില്‍ എത്തിയാല്‍ തന്റെ ഓഫീസില്‍ ഇരിക്കുകയല്ലാതെ സമയത്ത് ഹാജരാകുന്ന പതിവില്ല.ഇത് ജനാധിപത്യത്തോടുള്ള പുച്ഛമാണ്. പിണറായിയുടെ ഭരണ കാലത്ത് ആറു കസ്റ്റഡി കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ആളുകളെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് വിളിച്ചു വരുത്തിയാല്‍ ജീവനോടെ തിരിച്ചു വരാത്ത അവസ്ഥയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന് പോലീസിന്റെ നിയന്ത്രണം
നഷ്ട്ടപെട്ടിരിക്കയാണ്.സ്‌റ്റേഷന്‍ ഭരണം ഗുണ്ടകളുടേയും, ക്രിമിനല്‍ സംഘങ്ങളുടെയും കൈകളിലാണ്. വികസനം മനുഷ്യ വികാരങ്ങളെ മാനിക്കുന്നതായിരിക്കണം. അല്ലാതെ മലപ്പുറം ജില്ലയിലും, കീഴാറ്റൂരിലും ദേശീയപാത വികസനത്തിന്റെ പേരില്‍ ആളുകളെ തല്ലി ചതിക്കുന്നതാകരുത്.
ദേശീയപാത വികസനത്തിന്റെ കാര്യത്തിലടക്കം സ്ഥലം നഷ്ട്ടപെടുന്നവരുമായി ചര്‍ച്ചകള്‍ നടത്താതെയും,വിശ്വാസത്തിലെടുക്കാതേയും നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.
നന്ദി ഗ്രാമിലെ പോലെ വികസനത്തിന്റെ പേരില്‍ ആളെ തല്ലി ചതച്ച ബുദ്ധദേവ് ഭട്ടാചാര്യയുടെ ഗതി പിണറായിക്കും വന്നു ചേരുമെന്നും, 2021ല്‍ നടക്കുന്ന തെരഞ്ഞെടുപ്പോടെ രാജ്യത്ത് ആകെ സിപിഎം ഭരണം കൈയാളുന്ന കേരളവും നഷ്ടപ്പെടുമെന്നും, അടുത്ത തെരഞ്ഞെടുപ്പോടെ കേരളം കണ്ട അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി അറിയപ്പെടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് പി കെ രാകേഷ് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡണ്ട് ടി സിദ്ദിക്ക്, കെപിസിസി സെക്രട്ടറിമാരായ എന്‍ സുബ്രമണ്യന്‍, വി എ നാരായണന്‍, അഡ്വ. കെ പ്രവീണ്‍കുമാര്‍, കെഎസയു സംസ്ഥാന പ്രസിഡണ്ട് കെ എംഅഭിജിത്ത്, അനൂപ് വില്ല്യാപ്പള്ളി,അഡ്വ. ഐ മൂസ, വി എം ചന്ദ്രന്‍, വി പി അബ്ദുള്‍ റഷീദ്, ശ്രീജേഷ് ഊരത്ത്, പുറന്തോടത്ത് സുകുമാരന്‍, അഡ്വ.സി വത്സലന്‍, കൂടാളി അശോകന്‍, വി എം ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച റാലി അടക്കാത്തെരു ജങ്ക്ഷന്‍ വഴി കോട്ടപ്പറമ്പിലെ സമ്മേളന നഗരിയില്‍ സമാപിച്ചു.

RELATED STORIES

Share it
Top