ബിജെപി കേരള ഘടകത്തിലെ തമ്മിലടി; അമിത് ഷാ നേരിട്ട് ഇടപെടുന്നു

ന്യൂഡല്‍ഹി: ബിജെപി കേരള ഘടകത്തിലെ പ്രശ്‌നങ്ങള്‍ പ്രകടമായി പുറത്തുവന്ന സാഹചര്യത്തില്‍ പ്രാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ഇടപെടുന്നു. ബിജെപി കേരള ഘടകത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ മലയാളി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ പാര്‍ട്ടി റിപോര്‍ട്ട് തേടി. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവിനോട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെയാണ് റിപോര്‍ട്ട് തേടിയത്.
ഗ്രൂപ്പ് തിരിഞ്ഞുള്ള ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന് സംസ്ഥാന നേതാക്കള്‍ക്ക് അമിത് ഷാ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ അവസ്ഥ സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് വേണമെന്നാണ് അമിത് ഷാ മുരളീധര റാവുവിനോട് ആവശ്യപ്പെട്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി അമിത് ഷാ ജൂലൈയില്‍ കേരളത്തിലെത്തുന്നുണ്ട്. ഇതിനു മുന്നോടിയായി റിപോര്‍ട്ട് ലഭിക്കണമെന്നാണ് ആവശ്യം.
ബിജെപി സംസ്ഥാന ഘടകത്തില്‍ സമഗ്ര അഴിച്ചുപണിക്ക് സാധ്യതയുള്ളതായും റിപോര്‍ട്ടുകളുണ്ട്.
കുമ്മനം രാജശേഖരനെ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി ഒരു മാസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇക്കാര്യമടക്കമുള്ള വിഷയങ്ങളിലാണ് ബിജെപി പ്രവര്‍ത്തകര്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധമറിയിച്ചത്.

RELATED STORIES

Share it
Top