ബിജെപി-എല്‍ഡിഎഫ് സംഘര്‍ഷം; പഞ്ചായത്ത് പ്രസിഡന്റിന് പരിക്ക്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പടിയൂരില്‍ ബിജെപി-എല്‍ഡിഎഫ് സംഘര്‍ഷത്തെ തുടര്‍ന്ന് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടയിലേക്ക് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കയറിച്ചെന്ന് തര്‍ക്കമുണ്ടാക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് ആര്‍എസ്എസുകാരെ പ്രകടനത്തിനിടയില്‍ നിന്ന് പിടിച്ചു മാറ്റാന്‍ ശ്രമിക്കവേയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജുവിന് തലയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസമുണ്ടായ നടന്ന സംഘര്‍ഷത്തില്‍ പടിയൂര്‍ സ്വദേശികളും സിപിഎം പ്രവര്‍ത്തകരുമായ കൊളാഞ്ചേരി വീട്ടില്‍ മധു എന്ന് വിളിക്കുന്ന സിദ്ധാര്‍ത്ഥന്‍, അണ്ടിത്തോട് വീട്ടില്‍ പ്രശോഭ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാത്രി പത്തരയോടെ മുപ്പതോളം പേര്‍ മാരകായുധങ്ങളുമായി ഇവരെ അകാരണമായി ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ പ്രശോഭിനെ അടിയന്തിര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി.
അതിനുശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ തലയ്ക്കും പരിക്കുണ്ട്. മധുവിന് കൈയ്ക്ക് ഒടിവും തലയ്ക്കും കാലിനും പരിക്കുമുണ്ട്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ശക്തമായ പോലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
വിവിധ പാര്‍ട്ടികള്‍ സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍, കൊടി ത്തോരണങ്ങള്‍, ഫഌക്‌സ് ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്തു.

RELATED STORIES

Share it
Top