ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചത് വിവാദമാവുന്നു

റാഞ്ചി: പൊതുയോഗത്തിനിടെ പ്രവര്‍ത്തകന്‍ തന്റെ കാല്‍ കഴുകി വെള്ളം കുടിച്ചതിനെ ന്യായീകരിച്ച് ബിജെപി എംപി. ജാര്‍ഖണ്ഡിലെ ബിജെപി എംപി നിഷികാന്ത് ദുബെയുടെ കാല്‍ കഴുകിയ ചളിവെള്ളം ഒരു ബിജെപി പ്രവര്‍ത്തകന്‍ കുടിച്ച വീഡിയോ പ്രചരിക്കുകയും വ്യാപക വിമര്‍ശനമുയരുകയും ചെയ്തതോടെയാണ് എംപി വിശദീകരണവുമായി എത്തിയത്. തന്നെ പരിഹസിക്കുന്നവര്‍ക്ക് പ്രവര്‍ത്തകര്‍ക്ക് തന്നോടുള്ള സ്‌നേഹം മനസ്സിലാവില്ലെന്ന് ദുബെ പറഞ്ഞു.
ഞായറാഴ്ച ഗൊഡ്ഡയില്‍ ഒരു പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. ദുബെ പ്രസംഗം അവസാനിപ്പിച്ച ഉടനെയാണ് ഒരു പ്രവര്‍ത്തകന്‍ പിച്ചള പ്ലേറ്റും ഒരു പാത്രത്തില്‍ വെള്ളവുമായി വേദിയിലേക്കു വന്നത്. തുടര്‍ന്ന് ദുബെയുടെ കാല്‍ക്കീഴില്‍ ഇരുന്ന് കാല്‍ കഴുകുകയും പ്ലേറ്റിലേക്കു വീണ വെള്ളമെടുത്ത് കുടിക്കുകയുമായിരുന്നു. ഇതു കണ്ട് അണികള്‍ മുഴുവന്‍ പവന്‍ ഭായി സിന്ദാബാദ് എന്ന് ആര്‍ത്തുവിളിച്ചു. ജാര്‍ഖണ്ഡില്‍ സാധാരണ അതിഥികളെ ആദരിക്കുന്ന ആചാരമാണിതെന്ന് ദുബെ പറഞ്ഞു. മഹാഭാരതത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ ചെയ്ത കാര്യത്തെ ദുബെ ഉദാഹരിക്കുകയും ചെയ്തു.
എന്നാല്‍, കോണ്‍ഗ്രസ്സും ബിഎസ്പിയും ഇതിനെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപി നേതാക്കളുടെ അഹങ്കാരം അങ്ങേയറ്റമെത്തിയിരിക്കുന്നുവെന്ന് ഇരുപാര്‍ട്ടികളും ആരോപിച്ചു.
ഖേദം പ്രകടിപ്പിക്കുന്നതിനു പകരം പ്രവര്‍ത്തകന്‍ കാല്‍ കഴുകി വെള്ളം കുടിക്കുന്നതിനെ ന്യായീകരിക്കുകയാണ് നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനായ ബിജെപി നേതാവ്. ഭഗവാന്‍ കൃഷ്ണനുമായി താരതമ്യം ചെയ്തതിലൂടെ ബിജെപി എംപി സ്വയം ദൈവികപദവിയിലേക്ക് ഉയരുകയാണെന്നും കോണ്‍ഗ്രസ്സും ബിഎസ്പിയും ആരോപിച്ചു.

RELATED STORIES

Share it
Top