ബിജെപി എംഎല്‍എയുടെ ശല്യം; നിയമസഭയില്‍ പൊട്ടിക്കരഞ്ഞ് വനിതാ എംഎല്‍എ

ഭോപാല്‍: ബിജെപിയുടെ മുതിര്‍ന്ന നേതാവ് തന്നെയും കുടുംബത്തെയും ശല്യപ്പെടുത്തുന്നുവെന്നാരോപിച്ച് മധ്യപ്രദേശ് നിയമസഭയില്‍ ബിജെപി വനിതാ എംഎല്‍എയുടെ പൊട്ടിക്കരച്ചില്‍. രേവ ജില്ലയിലെ സിമരിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎല്‍എ നീലം അഭയ് മിശ്രയാണ് നിയമസഭയില്‍ പൊട്ടിക്കരഞ്ഞത്. നിയമസഭയിലെ ശൂന്യവേളയിലാണു സംഭവം. മുതിര്‍ന്ന ബിജെപി നേതാവ് തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടുകയാണെന്നും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം രേവ ജില്ലാ പോലിസ് തന്റെപേരില്‍ കള്ളക്കേസ് ഉണ്ടാക്കുകയാണെന്നും നീലം സഭയില്‍ പറഞ്ഞു. തനിക്ക് സുരക്ഷ നല്‍കണമെന്നും അവര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.
അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ലെന്നും അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ നീലത്തിന് പിന്തുണ പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് നീലത്തിന്റെ സമീപത്തെത്തി അവരെ ആശ്വസിപ്പിച്ചു. നീലത്തിനും കുടുംബത്തിനും സംരക്ഷണം നല്‍കുമെന്നും പോലിസ് തലവനുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

RELATED STORIES

Share it
Top