'ബിജെപി എംഎല്‍എയുടെആളുകളെന്ന് ഭീഷണി, വെടിയുതിര്‍ത്തതിന് ശേഷം ആക്രമണം'ജയ്പൂര്‍: ആല്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണം നടത്തി ഗൃഹനാഥനെ കൊന്നവര്‍ ബിജെപി എംഎല്‍എയുടെ ആളുകളാണെന്ന് പോലിസിനോട് പറഞ്ഞതായി മര്‍ദനത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന അസ്‌ലം. മാരകായുധങ്ങളുമായി എത്തിയ അക്രമികള്‍ വെടിയുതിര്‍ത്ത് ഭീഷണിപ്പെടുത്തിയെന്നും അതിന് ശേഷമായിരുന്നു ക്രൂരമര്‍ദ്ദനമെന്നും അക്ബറിനൊപ്പമുണ്ടായിരുന്ന അസ്‌ലം വെളിപ്പെടുത്തിയിരുന്നു.
ക്രൂരമര്‍ദ്ദനത്തിന് ഇരയായതിന് പിന്നാലെയായിരുന്നു അക്ബറിന്റെ മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.  അക്ബറിന്റെ കൈയിലേയും കാലുകളിലേയും അസ്ഥികള്‍ പൊട്ടിനുറുങ്ങിയ നിലയിലായിരുന്നെന്നും ശരീരത്തിലാകമാനം 12 ഇടത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. വലിയ തോതില്‍ ആന്തരിക രക്തസ്രാവമുണ്ടായെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോ. രാജീവ് കുമാര്‍ ഗുപ്ത, ഡോ. അമിത് മിട്ടാല്‍, ഡോ. സജ്ഞയ് ഗുപത തുടങ്ങിയവരടങ്ങുന്ന സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. സംഭവസ്ഥലത്ത് നിന്ന് വിവരങ്ങള്‍ ശേഖരിച്ച ഫോറന്‍സിക് വിദഗ്ധരില്‍ നിന്നും പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വെളളിയാഴ്ചയാണ് രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്താരോപിച്ച് അക്ബറിനെ ആള്‍ക്കൂട്ടം തല്ലികൊന്നത്. കേസില്‍ മൂന്നു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top