ബിജെപി ആഹ്ലാദപ്രകടനത്തിനിടെ തിരൂരില്‍ അക്രമം

തിരൂര്‍: ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് തിരൂരില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അക്രമത്തില്‍ കലാശിച്ചു. പടക്കം പൊട്ടിച്ചും അക്രമാസക്ത മുദ്രാവാക്യം വിളിച്ചും നീങ്ങിയ പ്രകടനക്കാര്‍ തിരൂര്‍ താഴെപാലത്തെ സബ്ക ഹോട്ടലിനുനേരെ പടക്കമെറിയുകയും കല്ലെറിയുകയും ചെയ്തു. അക്രമത്തില്‍ പ്രകടനം വീക്ഷിക്കാനെത്തിയ ഒരാള്‍ ഉള്‍പെടെ പത്തു പേര്‍ക്ക് പരിക്കേറ്റു.
ഹോട്ടലിന്റെ മുന്‍ഭാഗത്തെ ചില്ലുകളും ബോര്‍ഡും തകര്‍ത്തു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന സിഐ അബ്ദുള്‍ ബഷീറിന്റെ നേതൃത്യത്തില്‍ പോലിസ് ലാത്തിവീശി അക്രമികളെ വിരട്ടിയോടിച്ചു. അതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായി. കല്ലേറിലും സംഘര്‍ഷത്തിലും വാഹനത്തില്‍ നിന്നുവീണും അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ അഞ്ചോളം പേര്‍ക്കും പരിക്കേറ്റു.
പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. പ്രകടനത്തിനായി വാദ്യമേളങ്ങള്‍ കൊണ്ടുവന്ന വാഹനത്തില്‍ കയറി നിന്നവര്‍ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തപ്പോള്‍ പിടിവിട്ട് റോഡില്‍ വീണാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രകടനം വീക്ഷിക്കാനെത്തിയ അഷ്‌റഫിനാണ് സാരമായി പരിക്കേറ്റത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയപ്പോഴും ഇതേ ഹോട്ടലിനുനേരെ അക്രമം ഉണ്ടായിരുന്നു.
എന്നിട്ടും പോലിസ് ആവശ്യമായ മുന്‍കരുതല്‍ എടുത്തില്ലെന്ന പരാതിയുണ്ട്.

RELATED STORIES

Share it
Top