ബിജെപി അധ്യക്ഷപദവി: ശ്രീധരന്‍പിള്ളയ്ക്ക് രണ്ടാമൂഴം

പത്തനംതിട്ട: ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് പി എസ് ശ്രീധരന്‍പിള്ളയ്ക്ക് രണ്ടാമൂഴം. 2003 മുതല്‍ 2006 വരെ സംസ്ഥാന അധ്യക്ഷനായിരുന്നു. സംസ്ഥാന ഉപാധ്യക്ഷന്‍, സെക്രട്ടറി, കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ എന്നീ നിലകളില്‍ അദ്ദേഹം പാര്‍ട്ടിയെ നയിച്ചിട്ടുണ്ട്. നിലവില്‍ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. അഭിഭാഷകനും എഴുത്തുകാരനുമായ ശ്രീധരന്‍പിള്ള വിദ്യാര്‍ഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നത്.
ആലപ്പുഴ ജില്ലയിലെ വെണ്‍മണി പഞ്ചായത്തില്‍ വി ജി സുകുമാരന്‍ നായര്‍- ഭവാനിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. വെണ്‍മണി മാര്‍ത്തോമ്മാ ഹൈസ്‌കൂള്‍, പന്തളം എന്‍എസ്എസ് കോളജ്, കോഴിക്കോട് ഗവ. ലോ കോളജ് എന്നിവിടങ്ങളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ജനസംഘത്തിന്റെ വെണ്‍മണി സ്ഥാനീയസമിതി സെക്രട്ടറിയായി രാഷ്ട്രീയത്തില്‍ സജീവമായി. കോഴിക്കോട് ലോ കോളജ് യൂനിയന്‍ വൈസ് ചെയര്‍മാന്‍, 12 വര്‍ഷം കോഴിക്കോട് സര്‍വകലാശാലാ സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലാ കോടതികളിലും ഹൈക്കോടതിയിലുമായി അഭിഭാഷക വൃത്തി ചെയ്തുവരുന്നു. ജന്മഭൂമി മുന്‍ മാനേജിങ് എഡിറ്ററായിരുന്നു. എട്ട് സാഹിത്യ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 27 അവാര്‍ഡുകള്‍ ലഭിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘത്തിന്റെ യുവവിഭാഗമായ യുവസംഘം സംസ്ഥാന കണ്‍വീനറായിരുന്നു. എബിവിപി, യുവമോര്‍ച്ച സംഘടനകളുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ ബിജെപിയുടെ സ്ഥാപകനാണ്.
നിരവധി പുസ്തകങ്ങള്‍ രചിച്ചു. രാഷ്ട്രീയക്കാരന്‍ എന്നതിലുപരി നൂറു പുസ്തകങ്ങള്‍ രചിച്ച എഴുത്തുകാരന്‍ എന്ന കീര്‍ത്തിയും ഇദ്ദേഹത്തിനു സ്വന്തം. ഭാര്യ: അഭിഭാഷകയായ റീത. മക്കള്‍: അര്‍ജുന്‍ ശ്രീധര്‍ (ഹൈക്കോടതി അഭിഭാഷകന്‍), ഡോ. ആര്യ.

RELATED STORIES

Share it
Top