ബിജെപിയെ പരാജയപ്പെടുത്താന്‍ സഖ്യത്തിന് ആഹ്വാനം ചെയ്ത് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി സഖ്യത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി.വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വം സഹിഷ്ണുതയും സാമ്പത്തിക അഭിവൃദ്ധിയും തിരിച്ചുകൊണ്ടുവരണമെന്നും സോണിയ പറഞ്ഞു.കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് സോണിയ ഇക്കാര്യം പറഞ്ഞത്.ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആസൂത്രിത ശ്രമം നടത്തുകയാണ്. രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി. പാര്‍ലമെന്റിനെയും ജുഡീഷ്യറിയെയും മാധ്യമങ്ങളെയും പൗരസമൂഹത്തെയുമൊക്കെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുണ്ടാകുന്ന അക്രമങ്ങള്‍ ആസൂത്രിതമാണെന്നും സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കാനാണ് ഇതെന്നും സോണിയ പറഞ്ഞു.
മോശമായ സാഹചര്യത്തിലും ഗുജറാത്തില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാനായി. കഴിഞ്ഞ രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പിലെ ഫലം  വളരെ വലുതാണ്. ഇത് വ്യക്തമാക്കുന്നത് മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നാണ്. കര്‍ണാടകയിലും കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുമെന്ന കാര്യം തനിക്ക് ഉറപ്പാണെന്നും സോണിയ പറഞ്ഞു.
തിരഞ്ഞെടുപ്പ് നേരത്തെയാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നേതാക്കളെല്ലാം അതിനായി ഒരുങ്ങിനില്‍ക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സോണിയ പറഞ്ഞു.രാഹുല്‍ ഗാന്ധി തന്റെ കൂടി ബോസാണ്, അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും തന്നോടൊപ്പം പ്രവര്‍ത്തിച്ചതുപോലെ വിശ്വാസത്തയോടെയും സമര്‍പ്പണത്തോടെയും ഉത്സാഹത്തോടെയും രാഹുലിനൊപ്പവും പ്രവര്‍ത്തിക്കുമെന്ന് തനിക്കറിയാമെന്നും സോണിയ പറഞ്ഞു.

RELATED STORIES

Share it
Top