ബിജെപിയെ തോല്‍പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളെ സിപിഎം പിന്തുണയ്ക്കും

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കാന്‍ കരുത്തുള്ള സ്ഥാനാര്‍ഥികളെ സിപിഎം പിന്തുണയ്ക്കും. ഇരുപതോളം സീറ്റുകളില്‍ പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തും. രണ്ടു ദിവസത്തെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചതാണിത്. കര്‍ണാടകയില്‍ ബിജെപിയെയും വര്‍ഗീയശക്തികളെയും തോല്‍പിക്കാന്‍ പാര്‍ട്ടി പരസ്യമായി ആഹ്വാനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രധാന ലക്ഷ്യം ബിജെപിയെ തോല്‍പിക്കലാണ്. തങ്ങള്‍ മല്‍സരിക്കാത്ത ഇടങ്ങളില്‍ ബിജെപിയെ തോല്‍പിക്കാന്‍ കഴിവുള്ള സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും. ഇടതുമുന്നണിയുടെ ഭാഗമായാണ് പാര്‍ട്ടി മല്‍സരിക്കുക. സ്ഥാനാര്‍ഥിപ്പട്ടിക സംസ്ഥാന പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കും- യെച്ചൂരി പറഞ്ഞു.
ബിജെപിയെ തോല്‍പിക്കാന്‍  കോണ്‍ഗ്രസിനെയും സഹായിക്കും എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.  എന്നാല്‍, തങ്ങള്‍ മല്‍സരിക്കാത്ത മണ്ഡലങ്ങളിലെ പ്രചാരണങ്ങളില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പേര് പറയില്ലെന്നും ബിജെപിയെ തോല്‍പിക്കാനായിരിക്കും ആവശ്യപ്പെടുകയെന്നുമാണ് പാര്‍ട്ടി നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞത്.
കഴിഞ്ഞമാസം പോളിറ്റ്ബ്യൂറോ അംഗീകാരം നല്‍കിയ കരട് നയരേഖ ഇന്നലെ സമാപിച്ച കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തു. ഭേദഗതികളൊന്നും നിര്‍ദേശിച്ചിട്ടില്ല. ഇനി കരട് നയരേഖ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍  അവതരിപ്പിക്കും. കോണ്‍ഗ്രസ്സുമായി യാതൊരുവിധ രാഷ്ട്രീയ സഖ്യവും പാടില്ലെന്ന് വ്യക്തമാക്കി കാരാട്ട് അവതരിപ്പിച്ച പ്രമേയമാണ്  55 പേരുടെ പിന്തുണയോടെ ജനുവരിയില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി അംഗീകരിച്ചത്. അടുത്തമാസം 18 മുതല്‍  22 വരെയാണ് ഹൈദരാബാദില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.

RELATED STORIES

Share it
Top