ബിജെപിയെ തുണച്ചത് ക്രിസ്ത്യന്‍, ആദിവാസി വോട്ടുകളുടെ ഏകീകരണം

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ മേഖലകളില്‍ ബിജെപിക്ക് വലിയ വിജയം സമ്മാനിച്ചത് ക്രിസ്ത്യന്‍, ആദിവാസി മേഖലകളിലെ വോട്ടുകളുടെ ഏകീകരണം. ത്രിപുരയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലെത്തിയെന്ന് ആരോപിക്കുമ്പോഴും ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രന്റ് ഓഫ് ത്രിപുര (ഐപിഎഫ്ടി) ട്രൈബല്‍ മേഖലകളില്‍ നിന്ന് ബിജെപി സഖ്യത്തിന് നേടിക്കൊടുത്ത വോട്ടാണു സംസ്ഥാനത്ത് നിര്‍ണായകമായത്. ത്രിപുരയില്‍ ആദിവാസി ഗോത്രവിഭാഗത്തിനു വേണ്ടി പ്രത്യേക സംസ്ഥാന ആവശ്യമുന്നയിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐപിഎഫ്ടി.
ഗോത്രവര്‍ഗ മേഖലകളില്‍ മല്‍സരിച്ച ഐപിഎഎഫ് എട്ട് സീറ്റുകളും 7.5 ശതമാനം വോട്ടും നേടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 0.46 ശതമാനം വോട്ട് മാത്രമായിരുന്നു ഈ പാര്‍ട്ടിയുടെ ആകെ വിഹിതം. ഇക്കുറി ബിജെപി നേടിയ 43 ശതമാനം വോട്ടിലും വലിയതോതില്‍ ആദിവാസി വിഭാഗത്തിന്റെ വോട്ടുകളുണ്ട്.
അതേസമയം, 43 ശതമാനം വോട്ടാണ് സിപിഎം സംസ്ഥാനത്ത് സ്വന്തമാക്കിയത്. ആദിവാസി മേഖലകളില്‍ നിന്ന് സിപിഎം വോട്ടുവിഹിതത്തില്‍ 1.5 ശതമാന—ത്തിന്റെ കുറവ് വന്നിട്ടുണ്ട്. കോണ്‍ഗ്രസ്സിന് കേവലം 1.84 ശതമാനം വോട്ട് മാത്രമാണു നേടാനായത്. കഴിഞ്ഞതവണ കോണ്‍ഗ്രസ്സിന് 36.5 ശതമാനം വോട്ടു നേടി 10 അംഗങ്ങളെ വിജയിപ്പിക്കാനായിരുന്നു.
നാഗാലാന്‍ഡില്‍ ക്രിസ്ത്യന്‍ പ്രീണനമാണ് ബിജെപിയെ വിജയത്തിലെത്തിക്കുന്നതിന് കാരണമായത്. 90 ശതമാനത്തോളം വരുന്ന ക്രിസ്ത്യന്‍ ജനവിഭാഗത്തെ സ്വാധീനിക്കുന്നതിനു വേണ്ടിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങളായിരുന്ന ബിജെപി നാഗാലാന്‍ഡില്‍ ആസൂത്രണം ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായാണ് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് ബിജെപി പ്രത്യേക ചുമതല നല്‍കിയത്.
ക്രിസ്ത്യന്‍ വിശ്വാസികളുടെ പുണ്യസ്ഥലമായ ജെറുസലേമിലേക്ക് തീര്‍ത്ഥയാത്രയടക്കമുള്ള ഓഫറുകളും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇവിടെ സഖ്യകക്ഷിയായ നാഷനല്‍ ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി ചേര്‍ന്ന് 29 സീറ്റാണ് നേടിയത്. ബിജെപി 14.4 ശതമാനം വോട്ടും എന്‍ഡിപിപി 25.5 ശതമാനം വോട്ടും നേടി.

RELATED STORIES

Share it
Top