ബിജെപിയെ താഴെയിറക്കാന്‍ ലക്ഷ്യമിട്ട് വിശാലസഖ്യം

ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് ചെറുക്കാന്‍ ലക്ഷ്യമിട്ട് വിശാല പ്രതിപക്ഷസഖ്യ രൂപീകരണശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിശാലസഖ്യം രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി. സഖ്യ രൂപീകരണശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചതായും ഇതിനു വേണ്ടി പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായും രാഹുല്‍ അറിയിച്ചു. സമാന മനസ്‌കരായ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ബിജെപിയെ താഴെയിറക്കാന്‍ വീട്ടുവീഴ്ചകള്‍ക്കു തയ്യാറാണെന്നും രാഹുല്‍ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസിനെയും അവരുടെ സാമ്പത്തികശേഷിയെയും നേരിടാന്‍ ഫലപ്രദമായ രാഷ്ട്രീയസഖ്യങ്ങള്‍ അനിവാര്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പേഴ്‌സനുമായ സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യത്തെ പാവപ്പെട്ടവര്‍ക്കിടയില്‍ ഭരണകൂടം നിരാശയും ഭയവുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തെ തകര്‍ക്കുന്ന അപകടകരമായ ഭരണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണം. മോദി സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു.
രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷം പുതുതായി രൂപീകരിച്ച പ്രവര്‍ത്തക സമിതിയുടെ ആദ്യയോഗമാണ് ഇന്നലെ ചേര്‍ന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ബൂത്തുതലം മുതല്‍ സംഘടന ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നു യോഗം വിലയിരുത്തി. ഡല്‍ഹി പാര്‍ലമെന്റ് അനക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കു പുറമെ പിസിസി അധ്യക്ഷന്മാരും നിയമസഭാ കക്ഷിനേതാക്കളും പങ്കെടുക്കുന്നുണ്ട്.
12 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിനു സ്വന്തം നിലയില്‍ കരുത്തുണ്ടെന്ന് മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം പറഞ്ഞു. ഈ സംസ്ഥാനങ്ങളില്‍ 150 സീറ്റ് കോണ്‍ഗ്രസ്സിന് ഒറ്റയ്ക്കു നേടാനാവും. മറ്റു സംസ്ഥാനങ്ങളില്‍ ബിജെപിയെ നേരിടാന്‍ മഹാസഖ്യം ആവശ്യമാണെന്നും ചിദംബരം പറഞ്ഞു. ദലിത്, ആദിവാസി, ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങള്‍ക്കെതിരായും പാവപ്പെട്ടവരുടെ നേര്‍ക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്ന തരത്തിലുമുള്ള ബിജെപി ആക്രമണങ്ങള്‍ ചെറുക്കുന്നതില്‍ കോണ്‍ഗ്രസ്സിനുള്ള ചുമതലയാണ് രാഹുല്‍ ഗാന്ധി അടിവരയിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. കഴിഞ്ഞദിവസം നരേന്ദ്രമോദിക്കെതിരേ നടന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ 2019ലെ തിരഞ്ഞെടുപ്പിന് വിവിധ പാര്‍ട്ടികള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബിജെപി വിരുദ്ധ സഖ്യത്തെക്കുറിച്ച് പ്രാദേശിക കക്ഷികള്‍ ആലോചിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് തീരുമാനം. അടവുസഖ്യ രൂപീകരണമെന്ന ആശയത്തോട് ഭൂരിഭാഗം നേതാക്കളും അനുകൂലമായാണ് പ്രതികരിച്ചത്. സഖ്യം രൂപീകരിക്കുന്നതില്‍ എതിരഭിപ്രായമില്ലെന്നും എന്നാല്‍, അത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ആയിരിക്കണമെന്നും സംസ്ഥാന നേതാക്കള്‍ പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന്റെ മുഖമായി എടുത്തുകാണിക്കേണ്ടത് രാഹുല്‍ ഗാന്ധിയെ ആയിരിക്കണമെന്ന് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കി. 23 സ്ഥിരാംഗങ്ങളും പത്തു പ്രത്യേക ക്ഷണിതാക്കളും പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top