ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപി രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം പരത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം അവര്‍ വെറുപ്പ് പ്രയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്‌നേഹവും സാഹോദര്യവുമാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ 84ാമത് പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാജ്യത്ത് വെറുപ്പ് പടര്‍ത്തി രാജ്യത്തെ വിഭജിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ കര്‍ത്തവ്യം ഒന്നിപ്പിക്കലാണ്.
ഇതിനായി നാം ഒരുമിച്ച് മുന്നിട്ടിറങ്ങണം. രാജ്യത്തിനും കോണ്‍ഗ്രസ്സിനും ദിശ കാണിക്കലാണ് പ്ലീനറി സമ്മേളനത്തിന്റെ ലക്ഷ്യം. രാജ്യത്തിന് വഴികാട്ടാന്‍ കോണ്‍ഗ്രസ്സിനു മാത്രമെ സാധിക്കൂ. ഈ രാജ്യം എല്ലാവരുടേതുമാണ്. എല്ലാം ഉള്‍ക്കൊണ്ടാണ് നാം മുന്നോട്ട് പോവുന്നത്. ഞങ്ങള്‍ സംസാരിക്കുന്നത് യുവാക്കളോടാണ്. എന്നാല്‍, മുതിര്‍ന്നവരെ ഒഴിവാക്കി നമുക്ക് മുന്നോട്ട് പോവാനാവില്ല. നമ്മുടെ പ്രത്യയശാസ്ത്രത്തെ ജീവനോടെ നിലനിര്‍ത്താന്‍ പാര്‍ട്ടി പ്രതിനിധികള്‍ കഠിനമായി പോരാടി. എട്ടു വര്‍ഷത്തിനു ശേഷമാണ് 84ാമത് പ്ലീനറി സമ്മേളനം നടക്കുന്നത്.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന  സമ്മേളനത്തില്‍ 13,0000ല്‍ അധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സമ്മേളനം ഇന്ന് സമാപിക്കും. സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഗുലാം നബി ആസാദ്, പി ചിദംബരം, എ കെ ആന്റണി, മല്ലികാര്‍ജുന്‍ കാര്‍ഗെ,  സിദ്ധരാമയ്യ, അമരീന്ദര്‍ സിങ് സംബന്ധിച്ചു.

RELATED STORIES

Share it
Top