ബിജെപിയുടെ സ്വപ്നങ്ങള്‍ തകരുമോ? കര്‍ണാടകം കാത്തിരിക്കുന്നു
MTP Rafeek2018-05-15T14:08:05+05:30

ബംഗളുരു: കര്‍ണാടകയില്‍ ബിജെപിയുടെ ലീഡ് നൂറ് കടന്നെങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 112ല്‍ എത്തിയേക്കില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍. 106 സീറ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 73 സീറ്റുകളിലും ജനതാദള്‍ സെക്യുലര്‍ 41 സീറ്റുകളിലും മുന്നിട്ടു നില്ക്കുന്നു. മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുകളുണ്ട്. ജനതാദളും കോണ്‍ഗ്രസും കൈകോര്‍ക്കുകയാണെങ്കില്‍ കര്‍ണാടകയില്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങിയ ബിജെപി ഉച്ചയ്ക്ക ശേഷം താഴോട്ട് പോവുകയാണ്.
ഒരു മണിക്കൂര്‍ മുമ്പ് ബിജെപി അധ്യക്ഷന്‍ അമിത്ഷാ മാധ്യമങ്ങളെ കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ അത് വൈകിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനതാദള്‍ എസ് സൂചന നല്കിയിരുന്നതും ബിജെപിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. ജനതാദള്‍ എസ് നേതാവ് കുമാരസ്വാമിക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്-ജെഡിഎസ് മുന്നണിക്ക് രൂപം നല്‍കിയേക്കുമെന്ന സൂചനകളും ഉയരുകയാണ്.